കടുത്തുരുത്തി : ശ്രീകൃഷ്ണ വിലാസം (SKV) മാര്‍ക്കറ്റില്‍ 55 ലക്ഷം രൂപയുടെ എം. എല്‍. എ. ഫണ്ട് വിനിയോഗിച്ച് നവീകരിച്ച മത്സ്യ വില്‍പനശാല കെട്ടിടം നിര്‍മ്മാണത്തിലെ അഴിമതിയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും മൂലം ഒരു വര്‍ഷത്തിനുള്ളില്‍ തൂണുകള്‍ വിണ്ടു പൊട്ടി, കീറി കമ്പികള്‍ പുറത്തു വന്ന് അപകടാവസ്ഥയിലായത് മത്സ്യവ്യാപാരികളെയും മാര്‍ക്കറ്റില്‍ നിത്യേന എത്തുന്ന ആയിരക്കണക്കിന് പൊതുജനങ്ങളെയും ഭയാശങ്കയിലാക്കിയിരിക്കുകയാണ്. തൂണുകള്‍ പൊട്ടിയതിനാല്‍ ജാക്കിയിലാണ് കെട്ടിടം താങ്ങി നിറുത്തിയിരിക്കുന്നത്.
കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ എം. എല്‍. എ. ഫണ്ട് വിനിയോഗിച്ച് നടപ്പാക്കിയ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ അഴിമതിയും അപാകതയും ഉണ്ടാകുന്നത് ആദ്യത്തെ സംഭവം അല്ല. പെരുവ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയം നിര്‍മ്മാണത്തിലെ അഴിമതി മൂലം നനഞ്ഞൊലിച്ചതും ടൈലുകള്‍ പൊട്ടിമാറിയതും ഉദാഹരണങ്ങളില്‍ ഒന്നാണ്.
എം. എല്‍. എ. ഫണ്ട് ജനങ്ങളുടെ നികുതിപണമാണെന്നും ഇതില്‍ അഴിമതിയും, സ്വജനപക്ഷപാതവും കമ്മീഷന്‍ ഇടപാടുകളും ഇല്ലാതെ സുതാര്യമായി നടപ്പാക്കണമെന്നും കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ഓഫീസ് സെക്രട്ടറിയും കേരള ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം. എല്‍. എ. ആവശ്യപ്പെട്ടു. മാര്‍ക്കറ്റ് നിര്‍മ്മാണത്തിലെ അനാസ്ഥയും അഴിമതിയും നടത്തിയവരെ നിയത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ഭൂരിഭാഗം റോഡുകളും, തോടുകളായി മാറി. എം. എല്‍. എ. പ്രഖ്യാപനങ്ങളും, പ്രവര്‍ത്തി ഉദ്ഘാടനങ്ങളും നടത്തുന്നതല്ലാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നില്ല. ദിനം പ്രതി റോഡുകളിലെ പാതാളകുഴികളില്‍ വീണ് അപകടാവസ്ഥയിലാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. മാഞ്ഞൂരില്‍ പഞ്ചായത്ത് അംഗം വരെ അപകടത്തില്‍ പെട്ട് ആശുപത്രിയിലാണ്.
പ്രതിപക്ഷ എം. എല്‍. എയുടെ മണ്ഡലമായ തൊട്ടടുത്ത പിറവം മണ്ഡലത്തിലെ റോഡുകള്‍ എം. എല്‍. എ ഇടയ്ക്ക് സന്ദര്‍ശിക്കുന്നത് നല്ലതായിരിക്കും. അവിടെയും എല്‍. ഡി. എഫ്. സര്‍ക്കാര്‍ തന്നെയാണ് ഫണ്ട് ലഭ്യമാക്കുന്നത്. കരാറുകാരുടെ സംഘടന നേതാവുകൂടിയായ എം. എല്‍. എ. അവരുടെ മാത്രം സംരക്ഷകനാകാതെ മണ്ഡലത്തിലെ ജനങ്ങളുടെ കൂടി സംരക്ഷകനാകാന്‍ തയ്യാറാകണമെന്ന് സ്റ്റീഫന്‍ ജോര്‍ജ്ജ് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ജോസ് തോമസ് നിലപ്പനകൊല്ലി അദ്ധ്യക്ഷത വഹിച്ചു. കെ. റ്റി. യു. സി. (എം) സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍കാല, സംസ്ഥാന കമ്മറ്റിയംഗം എ. എം. മാത്യു അരീക്കതുണ്ടത്തില്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ ടി. എ. ജയകുമാര്‍, ജയിംസ് കുറിച്യാപറമ്പില്‍, മണ്ഡലം ഓഫീസ് ചാര്‍ജ്ജ് സെക്രട്ടറി സന്തോഷ് ചെരിയംകുന്നേല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിന്‍സി എലിസബത്ത്, ഷീജ ഷാജി, പാര്‍ട്ടി നേതാക്കളായ കുരുവിള അഗസ്തി, ബ്രൈറ്റ് വട്ടനിരപ്പേല്‍, കെ. പി. ഭാസ്‌കരന്‍, ജോസ് ജോസഫ്, അപ്പച്ചന്‍ കുഞ്ഞാപ്പറമ്പില്‍, ജയിംസ് വട്ടുകുളം, ലൂക്കാച്ചന്‍ മഠത്തിമ്യാലില്‍, ജോസ് മൂണ്ടകുന്നേല്‍, കെ. പി. അലക്‌സാണ്ടര്‍ കുഴിവേലി, പ്രതാപന്‍ അഞ്ചമ്പില്‍, കെ. പി. പൊന്നപ്പന്‍, സണ്ണിക്കുട്ടി ചെറിയംകുന്നേല്‍, പോള്‍സണ്‍ മേലുകുന്നേല്‍, സണ്ണി കലയന്താനം, പ്രസാദ് തേങ്ങാരത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.