ഇന്ത്യയ്ക്ക് ആശ്വാസ ജയം; അവസാന ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ 13 റണ്‍സിനു തോല്‍പ്പിച്ചു

കാന്‍ബറ: അവസാന ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ 13 റണ്‍സിനു മുട്ടുകുത്തിച്ച് ആശ്വാസ ജയം നേടി ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഓസീസ് പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 303 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 49.3 ഓവറില്‍ 289 റണ്‍സിന് എല്ലാവരും പുറത്തായി. നായകന്‍ ആരോണ്‍ ഫിഞ്ച് (75), ഗ്ലെന്‍ മാക്‌സ്വെല്‍ (59) എന്നിവര്‍ അര്‍ധ സെഞ്ചുറികളുമായി പൊരുതിയെങ്കിലും ഓസീസിനു ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ല.

Advertisements

ഇന്ത്യയ്ക്ക് വേണ്ടി ഷര്‍ദുല്‍ ഠാക്കൂര്‍ മൂന്നും ടി. നടരാജന്‍, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകള്‍ നേടി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഹാര്‍ദിക് പാണ്ഡ്യ (പുറത്താകാത 92), രവീന്ദ്ര ജഡേജ (പുറത്താകാതെ 66), ക്യാപ്റ്റന്‍ വിരാട് കോലി (63) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ കരുത്തിലാണ് 302 റണ്‍സ് നേടിയത്.

52/5 എന്ന നിലയില്‍ പതുങ്ങിയ ഇന്ത്യയെ പാണ്ഡ്യ-ജഡേജ സഖ്യമാണ് കരകയറ്റിയത്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 108 പന്തില്‍ 150 റണ്‍സ് അടിച്ചുകൂട്ടി. അവസാന അഞ്ച് ഓവറില്‍ 76 റണ്‍സ് അടിച്ചെടുത്തതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നത്.

50 പന്തുകള്‍ നേരിട്ട ജഡേജ അഞ്ച് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് 66 റണ്‍സ് നേടിയത്. 76 പന്തുകള്‍ നേരിട്ട പാണ്ഡ്യ ഏഴ് ഫോറും ഒരു സിക്‌സും നേടി. മുന്‍നിരയില്‍ നായകന്‍ കോലി മാത്രമാണ് പൊരുതിയത്.

മായങ്ക് അഗര്‍വാളിന് പകരം ഓപ്പണറായി എത്തിയ യുവതാരം ശുഭ്മാന്‍ ഗില്‍ 33 റണ്‍സ് സ്‌കോര്‍ ചെയ്തു. ഓസീസിനായി ആഷ്ടണ്‍ ആഗര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി

You May Also Like

Leave a Reply