ഈരാറ്റുപേട്ട: 1997-98ല്‍ ഈരാറ്റുപേട്ട നഗരസഭ പണി കഴിപ്പിച്ച കംഫര്‍ട്ട് സ്റ്റേഷന് ഉപയോഗശൂന്യമായിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. എല്ലാ സൗകര്യങ്ങളുമുള്ള ഈ കംഫര്‍ട്ട് സ്റ്റേഷന് ചെറിയൊരു മെയിന്റനന്‍സ് നടത്തിയാല്‍ ഉപയോഗയോഗ്യമാക്കാവുന്നതേ ഉള്ളു.
എന്നാല്‍ അധികൃതര്‍ ഇതു കണ്ടില്ലെന്നു നടിക്കുകയാണെന്ന് ആക്ഷേപം ഉയരുന്നു. ഈരാറ്റുപേട്ടയിലെ സ്വകാര്യ ബസ്സ്റ്റാന്‍ഡിലെ ശുചിമുറികളെ കുറിച്ച് നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിലും പരിമിതമായ ശുചിമുറി സൗകര്യം മാത്രമേ ഉള്ളു. വ്യക്തി ശുചിത്വത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്ന ഈ കാലത്ത് ശങ്ക അകറ്റാന്‍ മാര്‍ഗമില്ലാത്തത് ഗുരുതര വീഴ്ചയായി കണക്കാക്കുന്നു.
ശുചിമുറി നിര്‍മാണത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതിയില്‍ ഒരെണ്ണമെങ്കിലും ഉപയോഗിച്ചാല്‍ നാട്ടിലെ ഈ പ്രശ്നത്തിന് പരിഹാരമാകും. എന്നാല്‍ മാറിമാറി വരുന്ന ഭരണകര്‍ത്താക്കള്‍ ഈ പ്രശ്നത്തിന് ഇതുവരെയും പരിഹാരം കാണാന്‍ ശ്രമിച്ചിട്ടില്ലെന്ന് പരാതി ഉയരുന്നു.
