ശാപമോക്ഷം തേടി ചിറ്റാറ്റിന്‍കര പാലം; ഇനിയെത്ര ജീവന്‍ പൊലിയണം അധികാരികളുടെ കണ്ണു തുറക്കാന്‍?

അമ്പാറനിരപ്പേല്‍, മൂന്നാംതോട്, പൂവത്തോട തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഈരാറ്റുപേട്ടയിലെത്താന്‍ ഏറ്റവും എളുപ്പവഴിയാണ് അമ്പാറനിരപ്പേല്‍ – അരുവിത്തുറ റോഡ്. പാലാ ഈരാറ്റുപേട്ട റോഡിന്റെ സമാന്തര പാതയെന്ന വിളിപ്പേരും സ്വന്തമായുള്ള ഈ റോഡിലുള്ള ചിറ്റാറ്റിന്‍കര പാലം ശാപമോക്ഷം കാത്തു കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.

തിങ്കളാഴ്ച ഈ പാലത്തിലുണ്ടായ അപകടത്തില്‍ ഒരു യുവാവിന്റെ ജീവന്‍ പൊലിഞ്ഞതോടെ നാട്ടുകാരുടെ ആവശ്യത്തിന് ശക്തിയേറിയിരിക്കുന്നു. വൈകുന്നേരം അഞ്ചു മണിക്കു ശേഷമായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം. അപകട സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ക്ക് ഇത് ഒരു പേടി സ്വപ്‌നമാണ്.

Advertisements

കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന കൈവരിയുടെ അവസ്ഥ വളരെ ശോചനീയമാണ്. ഉന്തിനില്‍ക്കുന്ന ഏതാനും ഇരുമ്പു കമ്പികള്‍ മാത്രമാണ് ഇന്ന് കൈവരിയുടെ സ്ഥാനത്ത് കാണാനുള്ളത്. രാത്രിയാത്രക്കാര്‍ പലരും വഴിയറിയാതെ അബദ്ധത്തില്‍ ആറ്റില്‍ വീഴുന്നതു കണ്ടറിഞ്ഞ നാട്ടുകാര്‍ പ്ലാസ്റ്റിക് കയര്‍ കെട്ടി നിറുത്തിയിരിക്കുന്നതു കാണാം.

വര്‍ഷങ്ങളായി ഈ റോഡിലൂടെ ഓട്ടോ ഓടിക്കുന്ന നാട്ടുകാരന് പലതവണ അപകടത്തില്‍ നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. പരിചയമുള്ള റോഡ് ആയതിനാല്‍ ശ്രദ്ധിച്ച് ഓടിക്കാറുള്ളു. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പാലം പരിചയമില്ലാത്തതു പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു.

തകര്‍ന്നു തരിപ്പണമായി കിടക്കുന്ന പാലത്തിന് 70 വര്‍ഷത്തോളം പഴക്കമുണ്ട്. പാലം പിഡബ്ല്യൂഡി ഡിപ്പാര്‍ട്ട്‌മെന്റ് വക ആയതിനാല്‍ പഞ്ചായത്തിന് ഈ കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാനാവില്ല. എന്നാല്‍ എല്ലാ അധികാരികള്‍ക്കും പാലത്തിന്റെ അപകടസ്ഥിതി കാണിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ അടക്കമുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നുവെന്ന് തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോര്‍ജ് പറഞ്ഞു.

തിടനാട് പഞ്ചായത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലുള്ള ഒരു പാലമാണിതെന്നും ഈ പാലം നന്നാക്കുകയെന്നത് നാട്ടുകാരുടെ ആവശ്യമാണെന്നും രണ്ടാം വാര്‍ഡ് മെമ്പര്‍ ഓമന രമേശ് എന്നിവര്‍ പറയുന്നു.

പാലം അത്ര പരിചയമില്ലാത്ത മറ്റു പ്രദേശങ്ങളില്‍ നിന്നുമെത്തുന്ന പലരും ഈ പാലത്തില്‍ നിന്നു വീണ് അപകടം പറ്റുന്നത് പതിവാണ്. ഈ അപകട മരണത്തിനു മുന്‍പും പല യാത്രക്കാരും ഈ പാലത്തില്‍ നിന്നു വീണിട്ടുണ്ട്.

കാലമിത്രയായിട്ടും ഈ പാലത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണം അധികാരികളുടെ അവഗണന ആണെന്ന് നാട്ടുകാര്‍ പറയുന്നു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply