ചെല്ലാനം ഹാര്‍ബറിലെ മസ്യത്തൊഴിലാളിയുടെ ഭാര്യക്കും കോവിഡ്, ഹാര്‍ബര്‍ അടച്ചു; കണ്ടെയ്ന്‍മെന്റ് സോണ്‍

എറണാകുളം: ചെല്ലാനം ഹാര്‍ബറിലെ മസ്യത്തൊഴിലാളിയുടെ ഭാര്യക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ചെല്ലാനം ഹാര്‍ബര്‍ അടച്ചു. ചെല്ലാനത്ത് രണ്ടാമത്തെ പോസിറ്റീവ് കേസാണ്.

ഇന്നലെ പോസിറ്റീവായ 64 വയസുള്ള സ്ത്രീയുടെ ഭര്‍ത്താവും മകനും മത്സ്യത്തൊഴിലാളികളാണ്. കഴിഞ്ഞ മാസം 19 ന് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കുടുംബാരോഗ്യകേന്ദ്രത്തില്‍ സ്ത്രീ ചികിത്സ തേടിയിരുന്നു.

പിന്നീട് ചെല്ലാനം കോര്‍ട്ടീസ് ആശുപത്രിയിലും പ്രവേശിച്ചിച്ചു. 29നാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കായി എത്തിയത്. ആശുപത്രിയില്‍ കിടത്തി ചികിത്സയിലായിരുന്ന ഇവരുടെ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇവര്‍ ആദ്യം ചികിത്സക്കെത്തിയ കോര്‍ട്ടീസ് ആശുപത്രിയും അടച്ചു. 15ാം വാര്‍ഡും ഹാര്‍ബര്‍ ഉള്‍പ്പെടുന്ന 16ാം വാര്‍ഡിലെ ഹാര്‍ബര്‍ സ്ഥിതി ചെയ്യുന്ന പ്രദേശവും കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന 72 ജീവനക്കാര്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്‍കി. സെക്കന്റ് ലെയര്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി ആശുപത്രിയുടെ പ്രവര്‍ത്തനം തടസമില്ലാതെ നടത്തും.

72 ജീവനക്കാരിലും ആന്റിജന്‍ ടെസ്റ്റ് നടത്തി. ഇതില്‍ 25 പേരുടെ ഫലം നെഗറ്റീവാണ്. സ്ത്രീ കഴിഞ്ഞിരുന്ന വാര്‍ഡിലെ മറ്റ് രോഗികളും കൂടെ നിന്നവരും ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്‍കി. സ്ത്രീക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല.

ആലപ്പുഴ അതിര്‍ത്തിയിലുള്ള മത്സ്യത്തൊഴിലാളിയുടെ ഭാര്യക്ക് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് ആയിരുന്നു. മത്സ്യത്തൊഴിലാളികളായ ഭര്‍ത്താക്കന്മാര്‍ ഒരുമിച്ചാണോ ജോലി ചെയ്തതെന്നും പരിശോധിക്കുകയാണ്. വ്യക്തത വരുന്നതുവരെ മത്സ്യ ബന്ധനം നടത്താന്‍ പാടില്ല.

ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തും എറണാകുളം മാര്‍ക്കറ്റിലെ 132 പേരുടെ സ്രവ പരിശോധന നടത്തിയതില്‍ ഫലം ലഭിച്ച ഒന്‍പതെണ്ണവും നെഗറ്റീവാണ്.

വിമാനത്താവളത്തില്‍ ഇതുവരെ 9568 ആന്റിബോഡി ടെസ്റ്റുകളാണ് നടത്തിയത്. 488 എണ്ണം പോസിറ്റീവായി . 30 പേരിലാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. രണ്ട് പേര്‍ പോസിറ്റീവായി.

You May Also Like

Leave a Reply