ചേലച്ചുവട് -തൊടുപുഴ റൂട്ടില്‍ സ്വകാര്യ ബസ് മറിഞ്ഞു; 12 പേര്‍ക്ക് പരിക്ക്

വണ്ണപ്പുറം: കമ്പകക്കാനം എസ് വളവില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാരായ 12 പേര്‍ക്ക് പരുക്ക്. ചേലച്ചുവട് നിന്നും തൊടുപുഴയിലേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്.

തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം. ഇറക്കം ഇറങ്ങുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബ്രേക്ക് ചെയ്തു നിര്‍ത്താനുള്ള ശ്രമത്തിലാണ് ബസ് മറിഞ്ഞത്.

Advertisements

അപകട സമയത്ത് ബസില്‍ യാത്രക്കാരുടെ എണ്ണം കുറവായിരുന്നതു മൂലം വലിയ ദുരന്തം ഒഴിവായി. ആകെ 24 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

കൊച്ചിരിപ്പാറ അജിത, പാറേക്കുന്നേല്‍ ഓമന, കോലാനി സ്വദേശിനി ബീന, മുണ്ടന്‍മുടി മാട്ടുമ്മേല്‍ അഗസ്റ്റിന്‍, കാളിയാര്‍ പാറേക്കുന്നേല്‍ അരുണ്‍, വണ്ണപ്പുറം ചിരപ്പറമ്പില്‍ ജാന്‍സി, കാളിയാര്‍ കാഞ്ഞിരമലയില്‍ സിസിലി തോമസ്, നാല്‍പതേക്കര്‍ ചിറയില്‍ ഉമാശങ്കരി, ഡാലിയ പനയ്ക്കല്‍, ജൂഡി ജോണ്‍സന്‍, അംബിക പി.എന്‍ പുത്തന്‍പുരയില്‍ മൂലമറ്റം, തൊമ്മന്‍കുത്ത് ഐക്കരകുന്നേല്‍ സജി എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ആരുടെയും പരുക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ തൊടുപുഴയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കുത്തനെയുള്ള ഇറക്കവും കൊടുംവളവുമാണ് അപകടത്തിന് പ്രധാന കാരണം. കമ്പകക്കാനം മുതല്‍ കള്ളിപ്പാറ വരെയുള്ള ഭാഗം വീതി കുറഞ്ഞതും അപകടകരമായ വളവും കുത്തിറക്കവുമാണ്. ഇതു മൂലം ഈ പ്രദേശത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്.

You May Also Like

Leave a Reply