ഭരണങ്ങാനം : ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയപ്പോൾ ഭരണങ്ങാനം അമ്പാറ ഗ്രാമത്തിനും അഭിമാന നിമിഷം. ചന്ദ്രയാന്റെ പ്രയാണം നിരീക്ഷിക്കുകയും പ്രയാണം സുഗമമാണെന്നു ഉറപ്പുവരുത്തുകയും ചെയ്യുന്ന ദൗത്യം നിർവഹിച്ചവരിൽ ഒരാളായ മുതിർന്ന ശാസ്ത്രജ്ഞ ലിറ്റി ജോസ് അമ്പാറക്കാരിയാണ്.

നിർണ്ണായക നിമിഷങ്ങൾക്ക് മുഖ്യ പങ്കുവഹിച്ച സീനിയർ സയന്റിസ്റ്റ് ലിറ്റി ജോസ് അമ്പാറ എട്ടൊന്നിൽ ജോസ് ദേവസ്യാ – റോസമ്മ ദമ്പതിമാരുടെ മകളാണ്.ഐ എസ് ആർ ഒ യുടെ ഭരണങ്ങാനം ബെംഗളൂരുവിലുള്ള കേന്ദ്രത്തിൽ ഫ്‌ലൈറ്റ്ഡയനാമിക്സ് ഓപ്പറേഷൻ വിഭാഗത്തിൽ മുതിർന്ന ശാസ്ത്രജ്ഞയാണ് ലിറ്റി.
ചന്ദ്രയാൻ ചന്ദ്രന്റെ വിവിധ അകലങ്ങളിലുള്ള ഭ്രമണ പഥങ്ങളിലൂടെ കടന്നുപോകുമ്പോൾ ഗുരുത്വാകർഷണം വ്യത്യസ്തമായിരിക്കും.ഏത് നിരീക്ഷിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്തത് ലിറ്റിയും സഹപ്രവർത്തകരുമായിരുന്നു.
ചന്ദ്രയാൻ രണ്ടിന്റെ പ്രവർത്തികളിലും ലിറ്റി പങ്കാളിയായിരുന്നു.ഭർത്താവ് കളമശേരി എളമത വിജയ് ബെംഗളൂരുവിൽ ടാറ്റായുടെ സ്ഥാപനത്തിൽ സോഫ്ട്‍വെയർ എഞ്ചിനീയർ ആണ്. മക്കൾ: ജോഷ്വാ, ജോഫാൻ.
ഭരണങ്ങാനം സെന്റ് മേരീസ് ഹൈ സ്കൂളിൽ നിന്ന് പദം ക്ലാസ് പാസ്സായ ലിറ്റി അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നിന്ന് ഫസ്റ്റ് ഗ്രൂപ് പ്രീഡിഗ്രി വിജയിച്ച ശേഷം കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിംഗ് എടുത്തു.പിന്നീട് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ അദ്ധ്യാപികയായി. വിവാഹശേഷം ഭർത്താവിനൊപ്പം ബംഗളൂരുവിൽ താമസിക്കുമ്പോളാണ് ഐ എസ് ആർ ഒ യിൽ ശാസ്ത്രജ്ഞയായി ജോലിയിൽ പ്രവേശിക്കുന്നത്.
