Pala News

ചക്കുകല്ലേൽ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

പാലാ: മീനച്ചിൽ പഞ്ചായത്തിലെ ഇടമറ്റം പൂവത്തോട് വാർഡുകളെ ബന്ധിപ്പിക്കുന്ന ചക്കുകല്ലേൽ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പൊന്നൊഴുകുംതോടിന് കുറുകെ ഉണ്ടായിരുന്ന രണ്ടടി മാത്രം വീതിയിലുള്ള നടപ്പാലത്തിന്റെ സ്ഥാനത്താണ് പുതിയ വലിയ പാലം വരുന്നത്. 75 ലക്ഷം രൂപയാണ് പാലം നിർമ്മിക്കാനായി എം എൽ എ അനുവദിച്ചത്.

മുൻ കാലങ്ങളിൽ മഴക്കാലത്ത് വലിയതോതിൽ വെള്ളമൊഴുകുന്ന തോട്ടിൽ പാലം വെള്ളത്തിലാകുമായിരുന്നു. ഉപതെരഞ്ഞെടുപ്പുകാലത്ത് പ്രദേശവാസികൾക്ക് മാണി സി കാപ്പൻ നല്കിയ വാഗ്ദാനം കൂടിയാണ് പുതിയ പാലം. പാലം നിർമാണം നടക്കുന്ന സ്ഥലം എംഎൽ എ മാണി സി കാപ്പൻ സന്ദർശിച്ചു. നിർമാണത്തിന് ചെലവാകുന്ന അധികതുകയും അപ്രോച്ച് റോഡി നുള്ള തുകയും അനുവദിക്കുമെന്ന് എംഎൽഎ പറഞ്ഞു.

പ്രതിസന്ധികൾ ഉണ്ടായെങ്കിലും പാലം പൂർത്തീകരണത്തിന് എംഎൽഎ എല്ലാവിധ സഹായവും ഫണ്ടും നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല പറഞ്ഞു. മഴക്കാലത്ത് ഏറ്റവുമധികം വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലം കൂടിയാണിവിടം.

നാലു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാലം വരുന്നതോടെ വർഷങ്ങൾ നീണ്ട ആവശ്യത്തിന് പരിഹാരമാകുന്നതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികൾ.

Leave a Reply

Your email address will not be published.