പത്രവാര്‍ത്തകള്‍ നോക്കി മരണവീടുകളില്‍ പരിചിതനെ പോലെ കയറി മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് ചക്കര അറസ്റ്റില്‍

കോട്ടയം: പകല്‍ സമയങ്ങളില്‍ കറങ്ങി നടന്ന് മരണ വീടുകളില്‍ കയറി സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍.

ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അതിരമ്പുഴ ഭാഗത്തെ ഒരു വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും മോഷണം പോയ കേസിലേക്ക് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പിണ്ണാക്കനാട് കാളകെട്ടി സ്വദേശി അമ്പാട്ട് ഫ്രാന്‍സിസ് എന്ന ചക്കര (38) പിടിയിലായത്.

Advertisements

കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം കോട്ടയം ഡിവൈഎസ്പി ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ എസ്എച്ച്ഒ രാജേഷ് കുമാര്‍, എസ്‌ഐമാരായ ദീപക്, ഷാജിമോന്‍, എഎസ്‌ഐമാരായ പ്രദീപ്, തോമസ് ടിവി, സിപിഒമാരായ സാബു മാത്യു, സ്മിജിത്ത് വാസവന്‍, രാജേഷ് ടിപി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

മോഷ്ടിച്ച സ്വര്‍ണ്ണം ഇയാള്‍ കോട്ടയത്തുള്ള ജ്വല്ലറിയില്‍ വില്‍പന നടത്തിയിരുന്നതും കണ്ടെടുത്തു. ഇയാള്‍ക്കെതിരെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ സമാന രീതിയില്‍ മോഷണം നടത്തിയതിന് കേസുണ്ട്.

പത്രവാര്‍ത്തകള്‍ നോക്കി മരണവീടുകളില്‍ പരിചിതനെ പോലെ കയറി ബന്ധുക്കള്‍ മാറുന്ന സമയത്ത് മോഷണം നടത്തിയ ശേഷം കടന്നു കളയുകയായിരുന്നു ഇയാളുടെ രീതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

You May Also Like

Leave a Reply