കുവൈറ്റ്: കൊറോണ പ്രതിരോധ ലോക്ഡോണ്‍ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ ഭാരതത്തിന്റെ അപ്പസ്തോലനായ മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുക്റാന തിരുനാള്‍ ആഘോഷവും സീറോമലബാര്‍ സഭാ ദിനാചരണവും ഓണ്‍ലൈനായി സംഘടിപ്പിച്ചു.
ക്രിസ്തു ശിഷ്യനായ തോമ്മാശ്ലീഹാ എഡി 52 ഇല് കേരളത്തിലെത്തുകയും ക്രിസ്തുവിന്റെ സുവിശേഷം അറിയിച്ചെന്നും പിന്നീട് മൈലാപ്പൂരില്വെച്ചു കുന്തത്താല്‍ കുത്തേറ്റു മരണപ്പെട്ടുവെന്നുമാണ് വിശ്വാസം.

അപ്പസ്തോലിക വികാരിയാട്ട് ഓഫ് നോര്‍ത്തേണ്‍ അറേബ്യായുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ അഭിവന്ദ്യ ബിഷപ് പോള്‍ ഹിന്‍ഡര്‍ ആഘോഷ പരിപാടികള്‍ സ്ലൈഹീകാശിര്വാദം നല്കി ഉദ്ഘാടനം ചെയ്തു.
മധ്യപ്രദേശിലെ സീറോ മലബാര്‍ സാഗര്‍ രൂപത അധ്യക്ഷന്‍ അഭിവന്ദ്യ ബിഷപ്പ് മാര്‍ ജെയിംസ് അത്തിക്കളം പ്രാരംഭ പ്രാര്‍ഥന നടത്തുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു.

കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ചെയര്മാന് ഫാദര്‍ ഡേവിസ് ചിറമ്മേല്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

യോഗത്തില്‍ കുവൈറ്റിലെ ആരോഗ്യമേഖലയില്‍ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നഴ്സുമാര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരെ ആദരിച്ചു.

നഴ്സസ് ഫോറം പ്രസിഡന്റ് ഷൈജു കൃഷ്ണന് മറുപടി പ്രസംഗം നടത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുവൈറ്റ് കത്തോലിക്ക കോണ്‍ഗ്രസ് നടത്തുന്ന ജാതിമതഭേദമെന്യേയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ വിശിഷ്ടതിഥികള്‍ അഭിനന്ദിച്ചു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ സാംസ്ക്കാരിക കലാപരിപാടികള്‍ സഭാ ദിനാഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.
സീറോ മലബാര്‍ സഭ ആന്തത്തോടെ ആരംഭിച്ച പരിപാടിയില്‍ കുവൈറ്റ് കാത്തോലിക് കോണ്‍ഗ്രസ് പ്രസിഡന്റ് അജു തോമസ് കുറ്റിയ്ക്കല്‍ അധ്യക്ഷതവഹിച്ചു.
ജനറല്‍ സെക്രട്ടറി ബാബു വലിയവീടന്‍ സ്വാഗതം ആശംസിക്കുകയും ബെന്നി പാറേക്കാട്ട് പുത്തന്‍പുരയില്‍ നന്ദി അര്‍പ്പിക്കുകയും ചെയ്തു. റോസ്മിന്‍ സോയിയസ് പ്ലാത്തോട്ടം ആയിരുന്നു അവതാരക.