പാലാ: ജില്ലയിലെ ആരോഗ്യ മേഖലയില്‍ കൂടുതല്‍ ഇടപെടലുകളുമായി കോട്ടയം ജില്ലാ പഞ്ചായത്ത്. ചെലവേറിയ ക്യാന്‍സര്‍ ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കും.ക്യാന്‍സര്‍ ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും രോഗനിര്‍ണ്ണയത്തിനും സമഗ്രചികിത്സാ പദ്ധതിയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി പാലാ ജനറല്‍ ആശുപത്രിയില്‍ റേഡിയോ തെറാപ്പി സൗകര്യവും വൈക്കം താലൂക്ക് ആശുപത്രിയില്‍ സ്തനാര്‍ബുദം നേരത്തെ കണ്ടെത്തുന്നതിന് വേണ്ടി മാമോ ഗ്രാഫ് സംവിധാനവുമാണ് സജ്ജീകരിക്കുക.
പാലാ ജനറല്‍ ആശുപത്രിയിലും, കോട്ടയം ജില്ലാ ആശുപത്രിയിലുമായി ക്യാന്‍സര്‍ ചികിത്സാ വിഭാഗത്തില്‍ കീമോതെറാപ്പി ഉള്‍പ്പെടെ നല്‍കി വരുന്നു.നിരവധി രോഗികളാണ് ഇവിടങ്ങളില്‍ ചികിത്സ തേടുന്നത്.ഇതിനായി 18 കോടിയോളം രൂപ ചിലവഴിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് അസൂത്രണ സമിതിയും ആരോഗ്യ വിഭാഗത്തിനായുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് യോഗവും ശുപാര്‍ശ ചെയ്തു.ഇതോടൊപ്പം കോട്ടയം ജില്ലയിലെ കോട്ടയം, പാലാ ജനറല്‍ ആശുപത്രികളിലും പാമ്പാടി, വൈക്കം താലൂക്ക് ആശുപത്രികളിലും നടത്തുന്ന ഡയാലിസിസ് യൂണിറ്റുകളില്‍ എത്തുന്ന നിര്‍ധന രോഗികള്‍ക്ക് സൗജന്യ ചികിത്സക്കായുള്ള ഫണ്ടും വകയിരുത്തുവാനും പാലാ ആയുര്‍വേദ ആശുപത്രിയില്‍ കൂടുതല്‍ ചികിത്സാ വിഭാഗങ്ങള്‍ക്കായി കെട്ടിട നിര്‍മ്മാണത്തിന് ഫണ്ട് വകയിരുത്തുവാനും ശുപാര്‍ശ ചെയ്തു.
ജില്ലാ ജനറല്‍ ആശുപത്രിയില്‍ എഫ്.ഡബ്ല്യു.സ്റ്റോര്‍’ ജെറിയാട്രിക് വാര്‍ഡ്, പാലീയേറ്റീവ് കെയര്‍ യൂണിറ്റ് എന്നിവയ്ക്കായി കെട്ടിട നിര്‍മാണം, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ഒ.പി., ഐ.പി, വിഭാഗം കെട്ടിടം നിര്‍മ്മിക്കുന്നതിനും ഫണ്ട് വകയിരുത്തുവാനും യോഗം ശുപാര്‍ശ നല്‍കി.
അനുബന്ധ സൗകര്യങ്ങള്‍ ലഭ്യമാകുന്ന മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ക്കും പദ്ധതികള്‍ ആവിഷ്‌കരിക്കും. അടുത്ത ദിവസം ചേരുന്ന ജില്ലാ ആസൂത്രണ സമിതിയില്‍ പദ്ധതികള്‍ സമര്‍പ്പിക്കുമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ നിര്‍മ്മല ജിമ്മി അറിയിച്ചു.
ആരോഗ്യ വിഭാഗത്തിനായുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.കെ.വൈശാഖ്, ഡി.എം.ഒമാരായ ഡോ.എന്‍. പ്രിയ, ഡോ.സി. ജയശ്രീ, ആസൂത്രസമിതി അംഗം ജയ്‌സണ്‍ മാന്തോട്ടം, സുനു.പി.മാത്യു, ഡോ.എ.ആര്‍.ഭാഗ്യശ്രീ എന്നിവര്‍ പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19