കോട്ടയം: ജലജന്യരോഗങ്ങൾക്കെതിരേയുള്ള കാമ്പയിന് ജില്ലയിൽ തുടക്കമായി. ജൂൺ 22 വരെ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ പറഞ്ഞു.
ഒരാഴ്ച്ചക്കാലം ആരോഗ്യ പ്രവർത്തകരുടെയും ആശാ പ്രവർത്തകരുടെയും നേതൃത്വത്തിൽ കിണറുകളിൽ അണുനശീകരണം നടത്തും. പൊതുകിണറുകൾ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലും വീടുകളിലെ കിണറുകൾ ആശാപ്രവർത്തകരുടെ മേൽനോട്ടത്തിലും കുടുംബാംഗങ്ങളുടെ നേതൃത്വത്തിലും അണുനശീകരണം നടത്താനാണ് പദ്ധതി.
ജില്ലയിലെ നാലു ലക്ഷത്തിലധികം കിണറുകളാണ് അണു നശീകരണം നടത്തുക. 1000 ലിറ്റർ വെള്ളത്തിന് 2.5 ഗ്രാം ബ്ലീച്ചിങ് പൗഡർ ആണ് ഇതിനായി ഉപയോഗിക്കുക. കുറച്ച് വെള്ളത്തിൽ കിണറിലെ വെള്ളത്തിന്റെ അളവിനാനാവശ്യമായ അളവ് ബ്ലീച്ചിങ് പൗഡർ കുഴമ്പ് രൂപത്തിലാക്കി നന്നായി കലക്കിയശേഷം അതിന്റെ തെളിവെള്ളം കിണറിലേക്ക് ഒഴിച്ചാണ് അണുനശീകരണം നടത്തുക. നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ഡി.എം.ഒ. പറഞ്ഞു.