ബസ് ചാര്‍ജ് വര്‍ധനവ് ജനങ്ങള്‍ക്കു തിരിച്ചടി; ഇനി ചാര്‍ജുകള്‍ ഇങ്ങനെ

കോവിഡ് മൂലം യാത്രക്കാരില്ലാതെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് ഉടമകളുടെ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിന് സര്‍ക്കാരിന്റെ പച്ചക്കൊടി.

ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. മിനിമം ചാര്‍ജ് ഉള്‍പ്പെടെയുള്ളവ മാറ്റുന്നതിനു പകരം ദൂരപരിധി കുറച്ചാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്. രണ്ടരക്കിലോമീറ്ററിന് എട്ടു രൂപ എന്നാക്കി നിശ്ചയിച്ചു. നേരത്തെ അഞ്ചു കിലോമീറ്ററിന് ഏട്ടു രൂപ എന്നായിരുന്നു.

ഇനി അഞ്ച് കിലോ മീറ്റര്‍ സഞ്ചരിക്കുന്നതിന് പത്ത് രൂപ ഈടാക്കും. ഏഴര കിലോമീറ്റര്‍ വരെ 13 രൂപയും 10 കിലോമീറ്റര്‍ വരെ 15 രൂപയും യാത്രക്കാര്‍ നല്‍കണം. കൂടാതെ ഓരോ ഫെയര്‍‌സ്റ്റേജിനും രണ്ട് രൂപയുടെ വര്‍ധനവിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ നിരക്കില്‍ വര്‍ധനവ് വരുത്തിയിട്ടില്ല. സ്‌കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ നിരക്കില്‍ വര്‍ധനവ് വേണ്ടെന്നാണ് മന്ത്രിസഭയുടെ പൊതു നിലപാട്.

ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. കമ്മീഷന്റെ റിപ്പോര്‍ട്ട് ഗതാഗതമന്ത്രിക്ക് കൈമാറിയിരുന്നു.

ഈ റിപ്പോര്‍ട്ട് ഗതാഗതമന്ത്രി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതോടെയാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനമായത്. അതേ സമയം കോവിഡ് കാലത്തേക്ക് മാത്രമായിരിക്കും വര്‍ധനവെന്നും അറിയിച്ചിട്ടുണ്ട്.

You May Also Like

Leave a Reply