മീനച്ചില്‍ പഞ്ചായത്തില്‍ മുന്‍തൂക്കമെന്ന് ബിജെപി

മീനച്ചില്‍ പഞ്ചായത്തില്‍ ഭരണം പിടിക്കുമെന്ന് ഉറച്ച പ്രതീക്ഷയിലാണ് ബിജെപി മുന്നണി. ബിഡിജെഎസ്- ബിജെപി സഖ്യം ജില്ലയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് മീനച്ചില്‍ പഞ്ചായത്തിലാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുവലത് മുന്നണികളെ ഞെട്ടിച്ചുകൊണ്ട് നാലു മെംബര്‍മാരെ വിജയിപ്പിക്കുവാന്‍ കഴിഞ്ഞതിന്റെ തികഞ്ഞ ആത്മാവിശ്വാസവുമായാണ് എന്‍.ഡി.എ ഇക്കുറി മത്സരരംഗത്തിറങ്ങിയത്.

Advertisements

ഇതിനുപുറമേ സിപിഐഎമ്മില്‍ നിന്നുള്ള മുന്‍ പഞ്ചായത്ത് മെമ്പര്‍ കെ.പി സജീവന്‍ ബിജെപിയില്‍ ചേര്‍ന്നു താമര ചിഹ്നത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായത് വോട്ടുകള്‍ ബിജെപിയിലേക്ക് ചോരാന്‍ മറ്റൊരു കാരണമാകും എന്നും എന്‍.ഡി.എ. മുന്നണി കണക്കുകൂട്ടുന്നു.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തില്‍ അതൃപ്തി ഉള്ള കേരളാ കോണ്‍ഗ്രസ്സ് വോട്ടുകള്‍ ഇത്തവണ ബിജെപി യില്‍ എത്താനുള്ള സാധ്യതയും നിലവിലെ സാഹചര്യവും തള്ളിക്കളയാവുന്നതല്ല.

ഇതെല്ലാം എന്‍.ഡി.എ. ക്യാമ്പില്‍ സന്തോഷം പകരുമ്പോള്‍ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്ക് ആവേശം നിലച്ച മട്ടാണ് ഉള്ളത്. ഏഴു മുതല്‍ ഒന്‍പത് സീറ്റുകള്‍ വരെ നേടി ഭരണത്തില്‍ എത്തുമെന്ന ഉറച്ച പ്രതീക്ഷയില്‍ ആണ് ബിജെപി ഉള്ളത്.

കഴിഞ്ഞ തവണ എന്‍.ഡി.എ വിജയിച്ച 1 -3 -9 -12 വാര്‍ഡുകള്‍ക്ക് പുറമേ ഇത്തവണ 2, 4, 5,13 എന്നീ വാര്‍ഡുകളും ബിജെപിക്ക് ലഭിക്കുമെന്നാണ് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം ആറാം വാര്‍ഡില്‍ വിജയം ആവര്‍ത്തിക്കും എന്ന് ആദ്യം പറഞ്ഞിരുന്ന ഇടത് സ്വതന്ത്രന്‍, അവസാനഘട്ടത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ല. ഇതെല്ലാം ബിജെപിക്ക് അനുകൂലമാകും എന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്.

You May Also Like

Leave a Reply