പാലാ: പാലായില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ച സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും രോഗബാധയുടെ യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവെച്ച് പ്രവര്‍ത്തിക്കുകയാണെന്നും ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്നുവെന്നുമുളള ഗുരുതര ആരോപണവുമായി ബിജെപി.
നഗരസഭയില്‍ കോവിഡ് പോസിറ്റീവ് ആയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടെസ്റ്റ് റിസള്‍ട്ട് വരുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ പത്തില്‍ അധികം യോഗങ്ങളില്‍ പങ്കെടുത്തുവെന്നും എന്നാല്‍ ആരോഗ്യ വകുപ്പില്‍ സ്ഥാനാര്‍ഥി നല്കിയ സമ്പര്‍ക്ക പട്ടികയില്‍ വെറും നാലു പേര് മാത്രമാണുള്ളതെന്നും ബിജെപി ചൂണ്ടിക്കാട്ടി.
ഈ സ്ഥാനാര്‍ഥിയുടെ ശരിയായ സമ്പര്‍ക്ക പട്ടിക പുറത്തുവിട്ടാല്‍ മുരിക്കുംപുഴ എന്ന പ്രദേശം തന്നെ ലോക്ക്ഡൗണ്‍ ആക്കേണ്ട ഭീകരമായ അവസ്ഥ ആണ് നിലവില്‍ ഉള്ളത്. ഇദ്ദേഹത്തോടൊപ്പം വേദി പങ്കിട്ട പല നേതാക്കളും ഇപ്പോഴും വോട്ടുതേടി വീടുകള്‍ കയറി ഇറങ്ങുന്നു.
കേവലം രാഷ്ട്രീയ ലാഭം മാത്രം മുന്നില്‍ കണ്ടു സാധാരണക്കാരായ ജനങ്ങളുടെ ജീവന് കാറ്റില്‍ പറത്തുന്ന ഇത്തരം ആളുകളെ തിരിച്ചറിയണം. ആരോഗ്യ വകുപ്പ് അധികൃതര്‍ ഈ കാര്യത്തില്‍ വേണ്ട നടപടി എടുക്കണമെന്നും ബിജെപി പാലാ മുന്‍സിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നടത്തിയ കോവിഡ് ടെസ്റ്റില്‍ എല്ലാവര്ക്കും നെഗറ്റീവ് എന്ന ഫലമാണ് മാധ്യമങ്ങളില്‍ വന്നത്. പക്ഷേ 15-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആ ദിവസങ്ങളിലെ നിരവധി യോഗങ്ങളില്‍ സ്ഥാനാര്‍ത്ഥി പങ്കെടുക്കുകയും 13, 14 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളും ഈ യോഗത്തില്‍ പങ്കെടുത്തതാണ്.
ഈ സ്ഥാനാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍ കഴിയാതെ വീണ്ടും വീടുകളില്‍ സമ്പര്‍ക്കത്തില്‍ ഇറങ്ങുന്നുവെന്നും ഇത് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും ബി ജെ പി പാലാ മുന്‍സിപ്പല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.