തീക്കോയി, പൂഞ്ഞാര്‍ പഞ്ചായത്തുകളുടെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: തീക്കോയി, പൂഞ്ഞാര്‍ പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദര്‍ശിച്ചു. ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതിനും നാടിന്റെ സര്‍വ്വതോന്മുഖമായ വികസനത്തിനുമായി പൂര്‍വ്വികര്‍ കെട്ടിപ്പടുത്ത സ്‌കൂളുകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നു നല്‍കുന്നതില്‍ അഭിമാനിക്കുന്നതായും കൂടുതല്‍ സ്ഥാപനങ്ങള്‍ അടിയന്തരഘട്ടങ്ങളില്‍ വിട്ടുനല്‍കുമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.

തീക്കോയി സെന്റ് മേരിസ് ഫൊറോനാ ഇടവകയുടെയും പെരിങ്ങളം സെന്റ് അഗസ്റ്റിന്‍സ് ഇടവകയുടെയും സ്‌കൂളുകള്‍ ആണ് തീക്കോയി, പൂഞ്ഞാര്‍ പഞ്ചായത്തുകളുടെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകള്‍ ആയി പ്രവര്‍ത്തിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജനപ്രതിനിധികളെയും വോളണ്ടിയേഴ്‌സിനെയും പോലീസ് അധികാരികളെയും ഇടവകാധികൃതരെയും ബിഷപ്പ് അഭിനന്ദിച്ചു.

ബിഷപ്പിന്റെ സന്ദര്‍ശനം ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കും വലിയ ആശ്വാസമായി.

തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിവികാരി ഫാ. തോമസ് മേനാച്ചേരി, പെരിങ്ങളം പള്ളി വികാരി ഫാ. മാത്യു പാറത്തൊട്ടി, പാലാ രൂപതാ സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, കുടുംബകൂട്ടായ്മ ഡയറക്ടര്‍ ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍, പാലാ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫാ. ജോയല്‍ പണ്ടാരപറമ്പില്‍, ലേബര്‍ മൂവ്‌മെന്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, എസ് എം വൈ എം ഡയറക്ടര്‍ ഫാ. തോമസ് സിറില്‍ തയ്യില്‍, അടിവാരം പള്ളി വികാരി ഫാ. ജിസില്‍ കോലത്ത്, തീക്കോയി അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് പുരയിടത്തി മാട്ടേല്‍ എന്നിവര്‍ ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു.

ശ്രീ. പി. സി. ജോര്‍ജ് എംഎല്‍എ, തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുറപ്പന്താനം, മെമ്പര്‍ പയസ് കവളംമാക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പ്രേംജി, പൂഞ്ഞാര്‍ പഞ്ചായത്ത് മെമ്പര്‍മാരായ സജി സിബി, ഷൈനി, എസ് ഐ സുരേഷ്, എ എസ് ഐ ബിനോയി എന്നിവര്‍ മെത്രാന്റെ സന്ദര്‍ശക സംഘത്തെ സ്വാഗതം ചെയ്തു.

സ്‌കൂളുകള്‍, കോളേജ് ഹോസ്റ്റലുകള്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ സ്ഥാപനങ്ങളും പള്ളികളോടനുബന്ധിച്ചുള്ള പാരിഷ് ഹോളുകള്‍ ഉള്‍പ്പെടെയുള്ള മറ്റു കെട്ടിടങ്ങളും കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും വിട്ടുനല്‍കി വീണ്ടും മാതൃകയാവുകയാണ് പാലാ രൂപത.

ബിഷപ്പിനും രൂപതയ്ക്കും എതിരെ ചില സാമൂഹ്യവിരുദ്ധ ശക്തികള്‍ ദുരാരോപണങ്ങളും വിദ്വേഷ പ്രചരണങ്ങളും സോഷ്യല്‍ മീഡിയകളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും അഴിച്ചുവിടുമ്പോഴും സാമൂഹ്യ പ്രതിബദ്ധതയില്‍നിന്നും ഒട്ടും പിന്മാറാതെ പൊതുജനത്തിന് ഉപകാരപ്പെടുന്ന ചെറുതും വലുതുമായ സ്ഥാപനങ്ങളും പദ്ധതികളും രൂപകല്പന ചെയ്തും വിശ്വാസികളുടെ പങ്കാളിത്തത്തോടെ നിര്‍മ്മിച്ചു നാടിനു സമര്‍പ്പിച്ചും പൂര്‍വാധികം ഉത്സാഹത്തോടെ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ മുന്നേറുകയാണ് പാലാ രൂപത.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: