ജീവൻ രക്ഷിക്കുന്നത് മഹത്തരം: മാർ ജേക്കബ് മുരിക്കൻ

പാലാ: ജീവൻ നശിപ്പിക്കുന്ന പ്രവണത വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ ഒരു ജീവൻ എങ്കിലും രക്ഷിക്കുക എന്നത് മഹത്തരവും ദൈവികവുമാണെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ.

തോട്ടിൽ വീണെഴുകിയ രണ്ടു വയസുകാരി തെരേസയുടെ ജീവൻ രക്ഷിച്ചവരെ ആദരിക്കാൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനും മരിയൻ മെഡിക്കൽ സെൻ്ററും ചേർന്നു സംഘടിപ്പിച്ച സ്നേഹാദരവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.

Advertisements

ജീവൻ നൽകുന്നത് ദൈവമാണ്. ജീവൻ രക്ഷിക്കാൻ ദൈവം ചില അവസരങ്ങൾ നൽകാറുണ്ട്.  തെരേസയുടെ കാര്യത്തിൽ ദൈവത്തിൻ്റെ ഉപകരണം പോലെയാണ് രക്ഷാകരദൗത്യത്തിൽ പങ്കെടുത്ത ഓരോരുത്തരും പ്രവർത്തിച്ചതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.

ജീവൻ അമൂല്യമാണ്. ചിലരെങ്കിലും ജീവൻ്റെ വില മനസിലാക്കാത്തവരായി ഉണ്ടെന്നും മാർ മുരിക്കൻ പറഞ്ഞു. തെരേസയുടെ ജീവൻ രക്ഷിച്ച കുട്ടികൾ നല്ല മാതൃകയാണ് സമൂഹത്തിന് നൽകിയിരിക്കുന്നത്.

ജീവൻ രക്ഷാപ്രവർത്തനത്തിൽ സമയവും പ്രഥമശുശ്രൂഷയും ആണ് നിർണ്ണായകമായത്. പ്രഥമ ശുശ്രൂഷയുടെ ബാലപാഠങ്ങൾ താൻ ഉൾപ്പെടെ സമൂഹം പഠിച്ചിരിക്കേണ്ടത് അനിവാര്യമാണെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നുവെന്നും മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.

ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ ആനന്ദ് സുബാഷ്, നിഖിൽ മാത്യു, ഡിയോൺ നോബി, റെയോൺ നോബി, തോമസ് മാത്യു, എബിൻ ഫ്രാൻസീസ്, ഡോ ജോർജ് മാത്യു പുതിയിടം, മാണി സി കാപ്പൻ എം എൽ എ, സിനീത് കരുണാകരൻ, ഡോ അലക്സ് മാണി, ഡോ ആഷിക് ജോസ് ടോം, സി ബ്ലെസി, സി ജിൻസി എന്നിവരെ ബിഷപ്പ് ആദരിച്ചു.

മുനിസിപ്പൽ ചെയർപേഴ്സൺ മേരി ഡൊമിനിക് അധ്യക്ഷത വഹിച്ചു. മാണി സി കാപ്പൻ എം എൽ എ, റവ ഡോ ജോർജ് ഞാറക്കുന്നേൽ, ഡോ അലക്സ് മാണി, ഡോ മാത്യു തോമസ്, മരിയൻ മെഡിക്കൽ സെൻ്റർ അഡ്മിനിസ്ട്രേറ്റർ സി ഷേർളി ജോസ്, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, തെരേസയുടെ മാതാവ് ബിന്ദു എന്നിവർ പ്രസംഗിച്ചു.

രക്ഷാദൗത്യത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കു ക്യാഷ് അവാർഡും സമ്മാനിച്ചു. വിദ്യാർത്ഥികളെ ധീരതയ്ക്കുള്ള പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യുമെന്ന് മാണി സി കാപ്പൻ അറിയിച്ചു. ചടങ്ങിൽ അപകടത്തിൽപ്പെട്ട തെരേസയും മാതാപിതാക്കളായ ബിന്ദുവും ജോമിയും സന്നിഹിതരായിരുന്നു.

*******

Join our WhatsApp Group // Like our Facebook Page // Send News


You May Also Like

Leave a Reply