Pala News

ഭാരത് മാലയില്‍ മിന്നും പാലാ -കിടങ്ങൂര്‍ -മണര്‍കാട് റോഡ്! കോട്ടയം ജില്ലയില്‍ രണ്ട് റോഡുകള്‍ ഭാരത് മാലയില്‍

പാലാ: ദേശീയപാത 183-ലെ മണര്‍കാട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് പാലാ വഴി കടന്നു പോകുന്ന മണര്‍കാട് – അയര്‍ കുന്നം – കിടങ്ങൂര്‍ -പാലാ – കരിംകുന്നം – വെങ്ങല്ലൂര്‍ വഴി എറണാകുളം ജില്ലയില്‍ ദേശീയപാത 85-ലെ ഊന്നുകല്‍ വരെയുള്ള റോഡ് കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് മാല റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നതിന് ഇടം പിടിച്ചു.

കോട്ടയം, ഇടുക്കി ‘, എറണാകുളം ജില്ല ക ളെ ബന്ധിപ്പിക്കുന്നതാണ് നിര്‍ദ്ദിഷ്ഠ പദ്ധതി. ഭാരത് മാല റോഡ് പദ്ധതിയില്‍ 11 റോഡുകളാണ് കേരളത്തില്‍ നവീകരിക്കുന്നതിനായി അംഗീകരിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും കേന്ദ്ര ഗതാഗത വകുപ്പു മന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് റോഡ് വികസന പദ്ധതികള്‍ക്ക് തീരുമാനമായത്. കോട്ടയം ജില്ലയില്‍ ചങ്ങനാശേരി -വാഴൂര്‍ – പതിനാലാം മൈല്‍ റോഡും ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരക്കേറിയ കിടങ്ങൂര്‍ – മണര്‍കാട് റോഡ് വികസനം ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. പാലാ മേഖലയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സമാന്തരപാത കൂടിയാണ് കിടങ്ങൂര്‍ – മണര്‍കാട് – പുതുപ്പള്ളി -തിരുവല്ല റോഡ്.

കിടങ്ങൂര്‍ – മണര്‍കാട് റോഡ് വികസിപ്പിക്കുന്നതോടെ ഈ ഭാഗത്തേയ്ക്കുള്ള യാത്ര സുഗമമാകും. ഏറ്റുമാനൂര്‍ വഴിയുള്ള യാത്രാ തിരക്ക് കുറയുന്നതിനും ഈ റോഡ് വികസനം വളരെ സഹായകരമാകും.
വീതി കുറഞ്ഞ് ഇടുങ്ങിയ അയര്‍ കുന്നം ഭാഗത്ത് നിര്‍ദ്ദിഷ്ഠ പദ്ധതിയില്‍ ബൈപാസ് വിഭാവനം ചെയ്തിട്ടുണ്ട്.ഇതോടെ ഈ ഭാഗത്തെ വളവുകളും ഇല്ലാതാകും.

അയര്‍ക്കുന്നത്തിന്റെ മുഖഛായ മാറ്റുന്നതോടൊപ്പം പുതിയ ഒരു സമാന്തര റോഡ് കൂടി ഈ ഭാഗത്ത് ഉണ്ടാവും.16 മീറ്റര്‍ വരെ വീതിയില്‍ റോഡ് പുനര്‍നിര്‍മ്മിക്കുവാനാണ് പദ്ധതി.നിലവില്‍ 10-12 മീറ്റര്‍ വരെ വീതി പല ഭാഗത്തും ഉണ്ട്. അതിനാല്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടി വരില്ല.

അപകടകരമായ വളവുകള്‍ ഒഴിവാക്കപ്പെടുകയും ചെയ്യും. റോഡ് നവീകരണം പൂര്‍ത്തിയാകുന്നതോടെ യാത്രാ സമയത്തില്‍ 10-15 മിനിട്ടു വരെ ലാഭിക്കുവാനും കഴിയും. ഇദ്ധന ചിലവും കുറയും.ഇപ്പോള്‍ 6-7 മീറ്റര്‍ ടാറിംഗ് വീതി മാത്രമുള്ള ഈ റോഡ് 10 മീറ്റര്‍ ടാറിംഗ് വീതിയോടു കൂടിയും നടപ്പാതയും കൂടി ഉള്‍പ്പെടുത്തിയായിരിക്കും പുനര്‍നിര്‍മാണം.

പാലാ അരുണാപുരം മുതല്‍ തൊടുപുഴ വെങ്ങല്ലൂര്‍ വരെ നവീകരണം ഉണ്ടാവില്ല. അരുണാപുരം മുതല്‍ -തൊടുപുഴ റോഡിലെ കിഴതടിയൂര്‍ ജംഗ്ഷന്‍ വരെ പാലാ ബൈപാസ് പൂര്‍ത്തിയായതും പാലാ മുതല്‍ വെങ്ങല്ലൂര്‍ വരെയുള്ള സംസ്ഥാന പാത നവീകരിക്കപ്പെട്ടതിനാലുമാണ് ഈ ഭാഗം ഒഴിവാക്കി അവശേഷിക്കുന്ന ഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

45 കി.മീ. ഭാഗമാണ് ഈ പദ്ധതിയില്‍ പുതിയതായി നവീകരിക്കപ്പെടുക. സര്‍ക്കാര്‍ സ്ഥാപനമായ കിറ്റ് കോ യ്ക്കായിരുന്നു റോഡ് നവീകരണത്തിനായുള്ള വിശദമായ രൂപരേഖ തയ്യാറാക്കുന്നതിനുള്ള ചുമതല. ഇവര്‍ തയ്യാറാക്കിയ രൂപരേഖയാണ് ഇപ്പോള്‍ അംഗീകരിച്ചിട്ടുള്ളത്.

അലൈന്‍മെന്റ് പ്രകാരം ഏറ്റെടുക്കേണ്ട സ്ഥലം കല്ലിട്ട് തിരിച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കേണ്ടതുണ്ട്. മുന്‍ കാലങ്ങളില്‍ നിന്നും നഷ്ടപരിഹാര തുക ഉയര്‍ന്ന നിരക്കില്‍ ലഭിക്കുന്നതിനാല്‍ ഭൂമി വിട്ടു നല്‍കുന്നതിനോട് ഭൂഉടമകള്‍ക്ക് താത്പര്യമായതും പദ്ധതി നടപ്പിലാക്കുന്നതില്‍ വേഗംകൈവരിക്കും എന്ന് കരുതുന്നു.

15 മീറ്റര്‍ വീതിയുള്ള പാലാ കിഴതടിയൂര്‍ ബൈപാസ് പോലെ ഡിവൈഡര്‍ കൂടി ഉള്‍പ്പെടുത്തി നിര്‍മ്മിച്ചാല്‍ അപകട സാദ്ധ്യത ഇല്ലാതാക്കാനാവും എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏറ്റുമാനൂര്‍ -പാലാ റോഡ് 4 വരിയാക്കുവാന്‍ 2016-17 ലേക്കുള്ള സംസ്ഥാന ബജറ്റില്‍ നിര്‍ദ്ദേശം ഉണ്ടായിരുന്നു.

എന്നാല്‍ തുടര്‍നടപടി ഉണ്ടായില്ല.ഭാരത് മാല പദ്ധതിയില്‍ റോഡ് നവീകരണം നടക്കുമ്പോള്‍ കിടങ്ങൂര്‍ – അരുണാ പുരം ഭാഗത്തെ മുഴുവന്‍ റോഡ് വീതിയും പ്രയോജനപ്പെടുത്തി ഡിവൈഡര്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ 4 വരി പാതയുടെ പ്രയോജനം ലഭിക്കുകയും അപകട സാദ്ധ്യത ഇല്ലാതാക്കുവാനും കഴിയുകയും ചെയ്യും, കുമ്മണ്ണൂരില്‍ റോഡിന് ഏറ്റെടുത്ത സ്ഥലത്ത് റോഡ് നിര്‍മ്മിക്കും.

ഭാരത് മാല റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തപ്പെട്ട മണര്‍കാട് — കിടങ്ങൂര്‍ -പാലാ റോഡ് നവീകരണം പാലാ മേഖലയിലെ റോഡ് ഗതാഗത രംഗത്ത് വലിയ മാറ്റം ഉണ്ടാക്കുമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതി പറഞ്ഞു.

ദേശീയപാത വിഭാഗവും സംസ്ഥാന റോഡ് വിഭാഗവും സംയുക്തമായി ഭാവി വികസനം കൂടി കണ്ട് റോഡ് വികസനത്തിനായുള്ള പദ്ധതി സമയബന്ധിതമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മഴക്കാലത്ത് വെള്ളം കയറി ഗതാഗതം ദിവസങ്ങളോളം മുടങ്ങുന്ന പന്നഗം പാലം മുതല്‍ കിടങ്ങൂര്‍ വരെയും ചേര്‍പ്പുങ്കല്‍ മുതല്‍ അരുണാപുരം വരെയും ഉള്ള ഭാഗത്ത് റോഡ് ഉയര്‍ത്തി നിര്‍മ്മിച്ച് മഴക്കാലത്തെ ഗതാഗത തടസ്സം കൂടി ഒഴിവാക്കാനാവുന്ന വിധം നിര്‍മ്മാണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ജയ്‌സണ്‍മാന്തോട്ടം അദ്ധ്യക്ഷത വഹിച്ചു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

Leave a Reply

Your email address will not be published.