‘കാറോടിച്ചത് ബാലഭാസ്‌കര്‍’; ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ കോടതിയില്‍

തിരുവനന്തപുരം: അപകടത്തില്‍ മരിച്ച ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ നഷ്ടപരിഹാരം തേടി ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍. ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

അപകടസമയത്തു കാറോടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നുവെന്നും ബാലഭാസ്‌കറിന്റെ അലക്ഷ്യമായ ഡ്രൈവിംഗാണ് അപകടത്തിന് ഇടയാക്കിയതെന്നും ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍കക്ഷിയാക്കിയാണ് അര്‍ജുന്റെ ഹര്‍ജി.

അതേസമയം, അപകട സമയത്തു കാര്‍ ഓടിച്ചിരുന്നത് അര്‍ജുനാണെന്നും ഫോറന്‍സിക് പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു. മുന്‍ സീറ്റില്‍ ഇരുന്നതിനാലാണ് തലയ്ക്കു പരിക്കേറ്റതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ സമയം, ബാലഭാസ്‌കറിന്റെ അപകടമരണം വഴിതിരിച്ചുവിടുന്ന നിലയില്‍ വെളിപ്പെടുത്തല്‍ നടത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കു ഗള്‍ഫില്‍ ജോലി ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഇയാള്‍ക്ക് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും ആരോപിച്ചു ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഹര്‍ജിയുമായി അര്‍ജുന്‍ എത്തിയിരിക്കുന്നത്.

കെഎസ്ആര്‍ടിസിയില്‍ താത്കാലിക ഡ്രൈവറായിരുന്ന അജിയ്‌ക്കെതിരേയാണ് ബാലഭാസ്‌കറുടെ കുടുംബം ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ബാലഭാസ്‌കറിന്റെ മാനേജര്‍മാര്‍ ഉള്‍പ്പെട്ട സംഘത്തെ സ്വര്‍ണക്കടത്ത് കേസില്‍ പിടികൂടിയിരുന്നു. ഇതില്‍ കെഎസ്ആര്‍ടിസിയിലെ താത്കാലിക ജീവനക്കാരനും ഉണ്ടായിരുന്നു. അന്നു പിടിയിലായവര്‍ക്ക് ഇപ്പോഴത്തെ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണവും ശക്തമാണ്.

join group new

You May Also Like

Leave a Reply