അയര്‍ക്കുന്നം: ബാങ്ക് ജീവനക്കാരിയാണെന്നും ബാങ്ക് ലോണ്‍ ശരിയാക്കി തരാമെന്നും പറഞ്ഞ് യുവാവില്‍ നിന്നു യുവതി പണം തട്ടിയെടുത്തതായി പരാതി.
അകലക്കുന്നം മറ്റക്കര പാദുവ സ്വദേശിയായ യുവാവ് അയര്‍ക്കുന്നം പോലീസില്‍ പരാതി നല്കി. യുവാവിന്റെ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ യുവതി പലരില്‍ നിന്നും പണംതട്ടിയെടുത്തതായാണ് വിവരം.
യുവതിയെ അയര്‍ക്കുന്നം പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി വിവരം തിരക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.
യുവതിക്കെതിരെ കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനിലും സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
113,800 രൂപയോളമാണ് പാദുവ സ്വദേശിയായ യുവാവിന്റെ കൈയില്‍ നിന്നും യുവതി തട്ടിയെടുത്തത്. സൂര്യ എസ് നായര്‍ എന്ന പേരില്‍ പരിചയപ്പെടുത്തിയ സ്ത്രീയാണ് തട്ടിപ്പിനു പിന്നിലെന്നും യുവാവ് പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു.
യുവതിയുടെയും യുവതിയുടെ അച്ഛന്, അമ്മ എന്നിവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം യുവാവ് നല്‍കിയത്.
സംഭവത്തെക്കുറിച്ച് യുവാവ് പറയുന്നതിങ്ങനെ…
കുറവിലങ്ങാട് ബിവറേജസില്‍ താത്കാലിക ജീവനക്കാരനായ യുവാവ് സുഹൃത്തുവുമായി നില്‍ക്കുമ്പോഴാണ് സൂര്യ ഇവരെ പരിചയപ്പെടുന്നത്. ബാങ്ക് ജീവനക്കാരിയാണെന്നും ലോണ്‍ ആര്‍ക്കെങ്കിലും വേണമെങ്കില്‍ പറയണമെന്നും പറഞ്ഞ സൂര്യ ഇവര്‍ക്ക് തന്റെ നമ്പരും നല്കി.
തുടര്‍ന്ന് സുഹൃത്തിനെ വിളിച്ചു പറഞ്ഞതനുസരിച്ച് തെള്ളകത്തുള്ള യുവതിയുടെ ഫ്ളാറ്റിലെത്തി ലോണ്‍ കാര്യങ്ങള്‍ സംസാരിച്ചു. പലിശ രഹിത വായ്പയായി 25 ലക്ഷം രൂപ നല്‍കാമെന്നും 23 വര്‍ഷ കാലാവധിയില്‍ അടച്ചു തീര്‍ത്താല്‍ മതിയെന്നും പറഞ്ഞ് അനൂപിനെ വിശ്വിപ്പിക്കുകയായിരുന്നു.
സെക്യൂരിറ്റി തുകയായി 90,300 രൂപയും പിന്നീട് ആവശ്യപ്പെട്ടതനുസരിച്ച് സൂര്യയുടെ അമ്മയെന്നു പറഞ്ഞ മഹിളാ സുരേന്ദ്രന്റെ അക്കൗണ്ടിലേക്ക് 15,000 രൂപയും നല്കി. ഇതിനു പുറമെ സ്റ്റാംപ് ഫീയായി 8500 രൂപ കൈയില്‍ നേരിട്ടു പണമായും നല്‍കിയെന്ന് യുവാവ് പറയുന്നു.
തുടര്‍ന്ന് ഇവരെ പലകുറി വിളിച്ചിട്ടും ഫോണ്‍ എടുത്തില്ലെന്നും ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ ഇതേ പേരില്‍ അങ്ങനെ ഒരു ജീവനക്കാരി ഇല്ലെന്നു മനസിലായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പലരില്‍ നിന്നും ഇവര്‍ ഇത്തരത്തില്‍ പണം തട്ടിച്ചെടുത്തിട്ടുണ്ടെന്നും മനസിലാക്കി.
തുടര്‍ന്നാണ് യുവാവ് അയര്‍ക്കുന്നം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേ സമയം, തൃശൂര്‍ പോലീസ് അടുത്തിടെ പിടികൂടിയ തട്ടിപ്പു സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന സംശയവും നിലനില്ക്കുന്നു. ഇവര്‍ പലപ്പോഴും തട്ടിപ്പു സംഘത്തില്‍ അടുത്തിടെ പിടിയിലായ ആളുടെ പേര് പറഞ്ഞിരുന്നതായും അനൂപ് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു.