ദുബായ്:പ്രവാസി വ്യാപാരിയും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് മരണം. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അറ്റ്ലസ് ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു.
ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റില്‍ ദുബായിലെ വസതിയില്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്. അന്ത്യകർമ്മങ്ങൾ തിങ്കളാഴ്ച വൈകീട്ട് ദുബായിൽ നടക്കും. തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ്.

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാക്കിലൂടെയാണ് അറ്റ്ലസ് രാമചന്ദ്രൻ മലയാളികളുടെ മനസിൽ ഇടം പിടിക്കുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയ സ്വര്‍ണാഭരണ വ്യവസായി എന്ന നിലയില്‍ സുപ്രസിദ്ധനായിരുന്നു എം എം രാമചന്ദ്രന്‍. എന്നാൽ അതിനിടെ കടക്കെണിയിൽപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്.