വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി വിതച്ചതിനെ തുടര്‍ന്ന് അരിക്കൊമ്പനെ മയക്കുവെടി വെച്ച് തമിഴ്‌നാട് വനംവകുപ്പ്. അരിക്കൊമ്പനെ അനിമല്‍ ആംബുലന്‍സിലേക്ക് കയറ്റി.
ആരോഗ്യനില മെച്ചമെങ്കില്‍ തമിഴ്‌നാടിന്റെ ആനപരിപാലന കേന്ദ്രമായ വാല്‍പ്പാറ സ്ലിപ്പിലേക്ക് മാറ്റാനാണ് സാധ്യത. ആരോഗ്യം മോശമെങ്കില്‍ മേഘമല കാട്ടിലേക്ക് മാറ്റാനാണ് സാധ്യത.
ആനയുടെ ആരോഗ്യം പരിശോധിച്ച് യാത്ര ചെയ്യാനുള്ള ശേഷി ഉണ്ടെകില്‍ മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളു.

മൂന്നു ഡോസ് മയക്കുവെടി വെച്ചതിന് ശേഷമാണ് ആനയുടെ കാലില്‍ വടം കെട്ടുന്നത്. ഇരു വശത്തും പുറകിലും കുങ്കിയാനകള്‍ നിലകൊണ്ടാണ് ആനയെ അനിമല്‍ ആംബുലന്‍സില്‍ കയറ്റിയത്.
ഇന്ന് രാത്രി പന്ത്രണ്ടരയോടെയാണ് മയക്കുവെടി വെച്ചത്. ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയാല്‍ മയക്കു വെടി വയ്ക്കാനുള്ള സംഘം സജ്ജമായിരുന്നു. അതിനെ തുടര്‍ന്നാണ് തേനി ജില്ലയിലെ പൂശാനം പെട്ടിക്ക് സമീപമെത്തിയ ആനക്ക് നേരെ വെടി വെക്കുന്നത്.
ഡോക്ടര്‍ കലൈവാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ നടന്ന ദൗത്യത്തിന് ഒടുവില്‍ വെടിവെച്ചത്. മൂന്ന് ഡോസ് മയക്കു വെടി വെച്ചിട്ടുണ്ട്. ഒരു മണിക്കൂറില്‍ അനിമല്‍ ആംബുലന്‍സ് എത്തി.
ഇടുക്കി ചിന്നക്കനാലില്‍ നിന്നും പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ എത്തിച്ച ആന തമിഴ്‌നാട് കമ്പത്ത് ഇറങ്ങി ഭീതി ജനിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്, ആനയെ മയക്കുവെടി വെക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു. കൂടാതെ, ആനയുടെ ആക്രമണത്തിന് ഇരയായ ഒരാള്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.