കോട്ടയം: സമ്പര്‍ക്കം മുഖേന രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ കോവിഡ് പ്രതിരോധന സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കി.
സമ്പര്‍ക്ക വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പാറത്തോട് ഗ്രാമപഞ്ചായത്തില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരും രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുമായ എല്ലാവരെയും കണ്ടെത്തുന്നതിനുള്ള അടിയന്തര നടപടികള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
രോഗവ്യാപനത്തിന്റെ വ്യാപ്തി കണ്ടെത്തുന്നതിനായി പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട്, ഒന്‍പത് വാര്‍ഡുകളില്‍ ഇന്നലെ(ജൂലൈ 16) വിവിധ വിഭാഗങ്ങളിലുള്ള 49 പേരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കി. എല്ലാവരുടെയും ഫലം നെഗറ്റീവാണ്.
കൂടുതല്‍ പൊതു സമ്പര്‍ക്ക സാധ്യതയുള്ളവരെയാണ് ഇതിനായി പരിഗണിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 19 പേരുടെ സ്രവം ശേഖരിച്ച് ആര്.ടി.പി.സി.ആര് പരിശോധനയ്ക്കയച്ചു.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും രാഷ്ട്രീയസാമൂഹ്യ നേതാക്കളും പങ്കെടുത്ത യോഗത്തില്‍ പ്രതിരോധ ചികിത്സാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. രോഗബാധിതരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനും സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിനും സാമ്പിള്‍ ശേഖരണത്തിനും വകുപ്പ് നാട്ടുകാരുടെ സഹകരണം തേടി.