kottayam

ലഹരിവിരുദ്ധ പരസ്യവീഡിയോ തയാറാക്കാം;സമ്മാനം നേടാം

കോട്ടയം: ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം ജില്ലയിലെ ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ പരസ്യ വീഡിയോ തയാറാക്കൽ മത്സരം നടത്തുന്നു.

പരമാവധി ഒരു മിനിട്ട് വരെയുള്ള ലഹരിവിരുദ്ധ സന്ദേശം നൽകുന്ന പരസ്യചിത്രമാണ് തയാറാക്കേണ്ടത്. പരസ്യത്തിന്റെ വീഡിയോ, ഓഡിയോ, സ്‌ക്രിപ്റ്റ്, ആശയം എന്നിവ മൗലികമായിരിക്കണം. വീഡിയോ എച്ച്.ഡി.(HD) നിലവാരം പുലർത്തണം.

വിദ്യാർഥി കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന ആളായിരിക്കണം. തയാറാക്കിയ പരസ്യവീഡിയോ prdktym2@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് MP4 ഫോർമാറ്റിൽ ഒക്ടോബർ 19ന് വൈകിട്ട് അഞ്ചിനകം അയയ്ക്കണം.

അയയ്ക്കുന്ന വിദ്യാർഥിയുടെ പേര്, വിലാസം, മൊബൈൽഫോൺ നമ്പർ, കോളജ്/സ്‌കൂൾ വിലാസം, കോളജ്/സ്‌കൂൾ ഐ.ഡി. കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ സ്ഥാപനമേധാവിയുടെ കത്ത്, വീഡിയോ മൗലികമാണെന്നുള്ള സാക്ഷ്യപത്രം എന്നിവ ഇതോടൊപ്പം നൽകണം. കോട്ടയം കളക്ട്രേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സി.ഡി.യായി നേരിട്ടും പരസ്യവീഡിയോ നൽകാം. ഒരാൾക്ക് ഒരു എൻട്രി മാത്രമേ നൽകാനാകൂ.

യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 5000, 3000, 2000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കും.

Leave a Reply

Your email address will not be published.