Erattupetta News

അഴിമതി നാടിന്റെ തീരാശാപം: പി സി ജോര്‍ജ്ജ്

ഈരാറ്റുപേട്ട: അഴിമതിയാണ് നാടിന്റെ ഏറ്റവും വലിയ തീരാശാപമെന്ന് മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജ്ജ്. ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലം അഴിമതി വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ സമസ്തമേഖലകളിലും അഴിമതിയുടെയോ കൈക്കൂലിയുടെയോ കറുത്ത കരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഴിമതിയുടെയോ കൈക്കൂലിയുടെയോ സൂചനകള്‍ കണ്ടിട്ടും നിസ്സഹായരായി നോക്കിനില്‍ക്കുന്നതും അഴിമതിക്ക് തുല്യമാണ്. പിടിക്കപ്പെടുന്നത് ചെറിയ കൈക്കൂലി കേസുകള്‍ മാത്രമാണ്. വന്‍അഴിമതികള്‍ ഒതുക്കപ്പെടുകയാണ്.

പ്രസിഡന്റ് പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഇന്‍കംടാക്‌സ് അഡീഷണല്‍ കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ ഐ.ആര്‍.എസ്. മുഖ്യാതിഥിയായിരുന്നു. ദേശീയ ചെയര്‍മാന്‍ ഡോ. രാജീവ് രാജധാനി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ഷിബു കെ. തമ്പി സന്ദേശം നല്കി.

സമ്മേളനത്തില്‍ അഴിമതിക്കെതിരെ നിരവധി പരാതികള്‍ രേഖാമൂലവും ഫോണ്‍ മുഖേനയും ലഭിച്ചു. സൂക്ഷ്മപരിശോധന നടത്തിയും ആവശ്യമായ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയും നിയമനടപടികളിലേക്ക് കടക്കും. പരാതികളില്‍ സമീപ പ്രദേശങ്ങളിലെ പുരയിടങ്ങളിലെ ഫെയര്‍വാല്യു ഉണ്ടായിട്ടും ഫെയര്‍വാല്യു നിശ്ചയിച്ചു നല്കാതെ ഏഴ് മാസമായി ഓഫീസുകളില്‍ കയറിയിറങ്ങുന്ന 81 വയസ്സുള്ള വയോധികയുടെ പരാതിയും ഉള്‍പ്പെടുന്നു.

നിയമപരമായ കാര്യ നടത്തിപ്പുകള്‍ക്ക് കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ക്കശ നിലപാടുകള്‍ സ്വീകരിക്കുമെന്നും അഴിമതി, കൈക്കൂലിക്കാര്‍ക്കെതിരെ നിഴല്‍ പോലെ ആന്റി കറപ്ഷന്‍ മിഷന്‍ പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്നും സമ്മേളനം മുന്നറിയിപ്പ് നല്കുന്നു.

ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജ്ജ്, ദേശീയ-സംസ്ഥാന ഭാരവാഹികളായ എന്‍.ആര്‍.ജി. പിള്ള, കെ.പി. ചന്ദ്രന്‍, ശ്രീരജ്ഞു, കെ.എഫ്. കുര്യന്‍, ജോസ് ഫ്രാന്‍സീസ്, വി.വി. ജോയി, സെബി പറമുണ്ട, രാജു വലക്കമറ്റം, സെബാസ്റ്റ്യന്‍ മാളിയേക്കല്‍, സുനില്‍ തോട്ടപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. ത്രിതല പഞ്ചായത്തംഗങ്ങളും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.