General News

അനീഷിന്റെ ഓപ്പറേഷന് ചിലവ് കുടുംബത്തിന് താങ്ങാവുന്നതിനപ്പുറം; കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു

വലവൂർ: വാഹനം ഇടിച്ച്‌ അപകടത്തിൽപ്പെട്ട വലവൂർ വലിയമഠത്തിൽ അനീഷ് വി എ എന്ന ബിരുദധാരിയായ 27 കാരൻ ചികിത്സയ്ക്ക് പണമില്ലാതെ കരുണ വറ്റാത്ത ആളുകളുടെ സഹായം തേടുന്നു.

തൊടുപുഴയിൽ ടയർ ബസ്സാർ എന്ന സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന അനീഷ് 2022 ഓഗസ്റ്റ് മാസം 23 ന് ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് ബൈക്കിൽ മടങ്ങിയ വഴി വലവൂർ ഹെൽത്ത് സെന്ററിന് സമീപത്തുവച്ച് രാത്രി 8-30 നാണ് ജീവിതം തന്നെ മാറ്റിമറിച്ച ആ വലിയ ദുരന്തം അനീഷിനെ കീഴ്പ്പെടുത്തിയത്.

മിനിലോറിയുടെ രൂപത്തിൽ അനീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട് ഗുരുതരമായി പരിക്കേറ്റ അനീഷ് ഏറെനേരം ആരും അറിയാതെ റോഡിൽ കിടന്നു. പലരും അതു വഴി കടന്നുപോയിരുന്നു എങ്കിലും ആരും അപകടപ്പെട്ട അനീഷിനെ തിരിഞ്ഞുനോക്കാൻ പോലും തയ്യാറായില്ല. മണിക്കൂറുകൾ കഴിഞ്ഞ് അതുവഴിവന്ന നല്ലവരായ നാട്ടുകാർ ചേർന്നാണ് അനീഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

വലതു കാലും വലതു കയ്യും ചതഞ്ഞരഞ്ഞ് ആഴത്തിൽ മുറിവും പറ്റിയിരുന്നു. കാലും കൈയ്യും ഓപ്പറേഷൻ നടത്തിയിരുന്നു എങ്കിലും മറ്റൊരാളുടെ സഹായത്താലെ നിവർന്ന് നിൽക്കാൻപോലും പറ്റൂ എന്ന അവസ്ഥയിലാണ് അനീഷിപ്പോൾ. വലതു കൈയ്യുടെ ചലന ശേഷി പൂർണ്ണമായും നഷ്ടപ്പെട്ടു. എപ്പോഴും കട്ടിലിൽ തന്നെ കിടപ്പാണ്. ഞരമ്പുകളെല്ലാം മുറിഞ്ഞുപോയ വലതു കൈ വിദഗ്ദ ചികിത്സ ഉടനെ നടത്തിയില്ലെങ്കിൽ മുറിച്ചു മാറ്റേണ്ടിവരുമെന്നാണ് മെഡിക്കൽ കോളേജിൽ അനീഷിനെ ചികിത്സിക്കുന്ന ഡോ. സന്തോഷ് ഉൾപ്പെടെയുള്ള ഡോക്ടർമാർ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

തൃശൂർ എലൈറ്റ് ആശുപത്രി, കോയമ്പത്തൂർ ഗംഗാ ആശുപത്രി, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ മാത്രമാണ് കേരളത്തിൽ അനീഷിനായുള്ള വിദഗ്ദ ചികിത്സയുള്ളു എന്നാണ് അനീഷിനെ ചികിത്സിച്ച മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറയുന്നത്. ചികിത്സയ്ക്ക് പത്ത് ലക്ഷം രൂപയിലധികം ചിലവുവരും. അച്ഛൻ അപ്പു, അമ്മ ഓമന, ജ്യേഷ്ഠൻ അജേഷ്, സഹോദരി സിന്ധു എന്നിവരുൾപ്പെട്ടതാണ് അനീഷിന്റെ കുടുംബം. ഇളയവനായ അനീഷ് അവിവാഹിതനാണ്.

സഹോദരി സിന്ധുവിനെ നേരത്തെ വിവാഹം ചെയ്തയച്ചു. ആകെ ഏഴ് സെന്റ് സ്ഥലം മാത്രമാണ് ഇവർക്കുള്ളത്. അച്ഛനും അമ്മയും ജ്യേഷ്ഠനും കൂലിവേല ചെയ്തും അയൽക്കാരുടെ സഹായത്താലുമാണ് ഇത്രയും നാൾ അനീഷിന്റെ ചികിത്സ നടത്തിയിരുന്നത്. ഇനി ഓപ്പറേഷനായി പത്ത് ലക്ഷം രൂപ കണ്ടെത്തുക എന്നത് നിർധനരായ ഈ കുടുംബത്തിന് ചിന്തിക്കുവാൻ പോലും കഴിയില്ല.

കുടുംബത്തിന് ആകെയുണ്ടായിരുന്ന ഒരു പ്രതീക്ഷയായിരുന്നു എം കോം ബിരുദധാരിയായ അനീഷ് എന്ന് വിതുമ്പലോടെ അച്ഛൻ അപ്പുവും അമ്മ ഓമനയും പറയുന്നു. അനീഷിനെ ഇടിച്ചു തെറിപ്പിച്ച് അപകടത്തിൽപ്പെടുത്തി നിർത്താതെ പോയ മിനിലോറി എന്നു കരുതുന്ന വാഹനം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു എങ്കിലും ലോറിയുടെ നമ്പർ വ്യക്തമായി കാണാൻ കഴിയാത്തതാണ് കാരണമെന്ന് പാലാ പോലീസ് പറയുന്നു.

അനീഷിന്റെ ഓപ്പറേഷനുവേണ്ടി താഴ കാണുന്ന ഗൂഗിൾ പേ നമ്പരിലോ, ബാങ്ക് അക്കൗണ്ട് നമ്പരിലോ പണം അയയ്ക്കാം.

ഗൂഗിൾ പേ – അനീഷ് വി എ : 99470541 03.
എസ് ബി ഐ വലവൂർ ബ്രാഞ്ച് – അജേഷ് വി എ, അക്കൗണ്ട് നമ്പർ – 67105357977, IFSC – SBIN0070539

താഴെ കാണുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതുമാണ്.
അച്ഛൻ – അപ്പു വി എസ് : 9747646846
അമ്മ – ഓമന : 7025650249

Leave a Reply

Your email address will not be published.