General News

അമനകര ആശ്രയ ചാരിറ്റി ട്രസ്റ്റിന്റെ പന്ത്രണ്ടാമത് വാർഷിക സെമിനാർ നടത്തി

അമനകര: ആതുര സേവനം, ജീവകാരുണ്യ പ്രവർത്തനം എന്നിവ ലക്ഷ്യമാക്കി കോട്ടയം ജില്ലയിൽ രാമപുരം പഞ്ചായത്തിൽ അമനകര കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റി ട്രസ്റ്റിന്റെ പന്ത്രണ്ടാമത് വാർഷിക സെമിനാർ രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്തു. അമനകര ശ്രീഭരതസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക സെമിനാർ ട്രസ്റ്റ് പ്രസിഡന്റ് പി ജി സോമൻ കൊറ്റുകര അദ്ധ്യക്ഷത വഹിച്ചു.

കവിയും ഗീതാഞ്ജലി സ്വതന്ത്ര പരിഭാഷകനുമായ നാരായണൻ കാരനാട്ട് ആ തുര സേവന ജീവകാരുണ്യ പ്രവർത്തന സന്ദേശം നൽകി. കുട്ടികൾക്കുള്ള പഠനോപകരണം, സ്കോളർഷിപ്പ് എന്നിവയടെ വിതരണവും എസ് എസ് എൽ സിയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ കുട്ടികളെ അനുമോദിക്കലും കേണൽ കെ എൻ വി ആചാരി കണ്ണനാട്ട് നിർവ്വഹിച്ചു.

2010 നവംബർ 15 മുതൽ പ്രവർത്തിച്ചു വരുന്ന ഈ ട്രസ്റ്റ് പാവപ്പെട്ട കുടുംബങ്ങളിലെ നിത്യരോഗികളായിട്ടുള്ളവർക്ക് ചികിത്സാ ധനസഹായമായി മരുന്നുകൾ വാങ്ങുന്നതിന് സഹായം ചെയ്തു വരുന്നുണ്ട്. കൂടാതെ സാമ്പത്തികമായും ഏറ്റവും പിന്നോക്കം നിൽക്കുന്ന പത്തൊൻപത് കുട്ടികൾക്ക് സഹായവും നൽകി വരുന്നു. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ ട്രസ്റ്റിന് ഇനി സ്വന്തം കെട്ടിടം എന്ന വലിയ ലക്ഷ്യം കൂടിയുള്ളതായി ട്രസ്റ്റ് സെക്രട്ടറി എൻ രവീന്ദ്രൻ രഞ്ജിത്ത് നിവാസ് പറഞ്ഞു.

സെമിനാറിൽ വാർഡ് മെമ്പർ ആൻസി ബെന്നി, എൻ എസ് എസ് കരയോഗം പ്രസിഡന്റ് അജിത്കുമാർ കെ എസ്, ഭരതസ്വാമി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് വി സോമനാഥൻ നായർ അക്ഷയ, എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ട്രസ്റ്റ് സെക്രട്ടറി എൻ രവീന്ദ്രൻ രഞ്ജിത് നിവാസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ജയദേവൻ ഗോപീവിലാസം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.