Erattupetta News

നൂറോളം കുടുംബങ്ങൾക്ക് ദാഹമകറ്റിയ അലി സാഹിബിൻ്റെ കിണർ നവീകരിച്ചു

ഈരാറ്റുപേട്ട: കുടിവെള്ളത്തിനായി ജനങ്ങൾ കഷ്ടപ്പെടുമ്പോൾ ഒരുനാടിന്റെ മുഴുവൻ ദാഹം തീർക്കുകയാണ് ഈരാറ്റുപേട്ട നടയ്ക്കൽ മാങ്കുഴക്കൽ പരേതനായ അലി സാഹിബിന്റെ കിണർ.

ഈ കിണർ സംരക്ഷണ ഭിത്തി തകരാറായപ്പോർ നാട്ടുകാരുടെ സഹകണത്തോടെ 80 ആയിരം രൂപ മുടക്കി ഇപ്പോൾ നവീകരിച്ചു. കല്ല് കൊണ്ട് കെട്ടി കയറി സംരക്ഷണ ഭിത്തി നിർമ്മിച്ചു. മോട്ടോർ പമ്പ്‌ വെയ്ക്കാൻ പ്രത്യേകം ഇരിപ്പിടവുമുണ്ടാക്കീയിട്ടുണ്ട്. ഇതിനായി 14 ആം വാർഡ് കൗൺസിലർ ഫാസീല അബ്സാറാണ് മുൻകൈയെടുത്തത്.

90 ഓളം മോട്ടറുകളാണ് ഈ കിണറ്റിൽ ഇപ്പോഴുള്ളത്. 500 മീറ്റർ ചുറ്റളവിലുള്ള നൂറിൽപരം കുടുംബങ്ങളിൽ ഈ കിണറ്റിലെ വെള്ളമെത്തുന്നുണ്ട്. ഈ കിണർ ഇപ്പോൾ നാട്ടുകാരുടെ ദാഹം തീർക്കുന്ന അക്ഷയപാത്രമാണ്. മഴക്കാലത്തും അൻപതോളം മോട്ടറുകൾ ഇവിടെകാണും. അലി സാഹിബിന്റെ ഈ കിണർ ഇല്ലായിരുന്നെങ്കിൽ കുടിവെള്ളത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയുണ്ടാകുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

പതിറ്റാണ്ടുകൾക്ക് മുമ്പാണ് അലി സാഹിബ് കിണർ കുത്തിയത്. അദ്ദേഹം തന്റെ സ്വത്ത് മക്കൾക്കായി വീതം വച്ച് നൽകിയപ്പോൾ കിണറിരിക്കുന്ന ഭാഗം നാട്ടുകാർക്കായി മാറ്റിവയ്ക്കുകയായിരുന്നു. നാളുകൾ പിന്നിട്ട് കുടിവെള്ളം കിട്ടാക്കനിയായപ്പോൾ സമീപവാസികൾ തങ്ങളുടെ വീട്ടിലേയ്ക്കുള്ള മോട്ടറുകൾ ഇവിടേയ്ക്ക് മാറ്റി. രാവും പകലുമില്ലാതെ ആവശ്യക്കാർ മോട്ടർ ഉപയോഗിച്ച് വെള്ളം തങ്ങളുടെ വീട്ടിലെത്തിക്കുന്നു. കിണറ്റിലെ വെള്ളം മുഴുവൻ തീർന്നാലും പേടിക്കാനില്ലെന്ന് നാട്ടുകാർ പറയുന്നു. അര മണിക്കൂർ മാത്രം കാത്തിരുന്നാൽ ഒരു ടാങ്കിലേയ്ക്കുള്ള വെള്ളം കിണറ്റിലെത്തിയിരിക്കും.

Leave a Reply

Your email address will not be published.