general

അക്ഷരം മ്യൂസിയം തുടർഘട്ടങ്ങളുടെ നിർമ്മാണോദ്ഘാടനം 14 ന്

കോട്ടയം: സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്‍റെ ഉടമസ്ഥതയിലുള്ള കോട്ടയം നാട്ടകത്തെ സ്ഥലത്ത് കേരള സർക്കാരിന്‍റെ ധനസഹായത്തോടെ നിർമിച്ച അക്ഷരം ഭാഷ സാഹിത്യ സാംസ്‌കാരിക മ്യൂസിയത്തിന്‍റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് മാര്‍ച്ച് 14ന് തുടക്കം കുറിക്കും.

രാവിലെ 11 ന് അക്ഷരംമ്യൂസിയം വളപ്പിൽ നടക്കുന്ന സമ്മേളനത്തിൽ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. എസ്. പി. സി. എസ് പ്രസിഡന്‍റ് അഡ്വ. പി. കെ ഹരികുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ, കിഫ്ബി അഡിഷണല്‍ സിഇഒ മിനി ആന്‍റണി, ഡോ.വീണ എൻ. മാധവൻ, സഹകരണവകുപ്പ് സെക്രട്ടറി, ഡോ. സജിത്ത് ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.

കിഫ്ബി ധനസഹായത്തോടെയാണ് 13000ചതുരശ്ര അടിയില്‍ തുടർഘട്ടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതെന്ന് മന്ത്രി വി.എന്‍. വാസവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 16,18,83,783 രൂപയാണ് കിഫ്ബി അനുവദിച്ചിരിക്കുന്നത്. ലോകത്തിലെയും ഇന്ത്യയിലെയും പ്രധാനപ്പെട്ട ലിപികളുടെ പരിണാമചരിത്രം, മലയാള കവിതാസാഹിത്യചരിത്രം, ഗദ്യസാഹിത്യചരിത്രം, വൈജ്ഞാനികസാഹിത്യം എന്നിവ അടയാളപ്പെടുത്തുന്ന എട്ട് ഗാലറികൾ ഉൾപ്പെടുന്നതാണ് രണ്ടാംഘട്ടം.

ലോകത്തിന്‍റെ ചരിത്രത്തെ നിർണ്ണയിക്കുന്ന പ്രധാനപ്പെട്ട മുപ്പത്തിയഞ്ചോളം ലിപികളുടെ പരിണാമചരിത്രം ഗവേഷകർക്കും വിദ്യാർഥികൾക്കും മറ്റും പ്രയോജനപ്രദമാകും.

മലയാളകവിതാസാഹിത്യത്തെപ്പറ്റിയുള്ള ഗാലറിയിൽ നാടോടിപ്പാട്ട് പാരമ്പര്യത്തിൽനിന്ന് ആരംഭിച്ച് സംഘകാലസാഹിത്യവും പ്രാചീനമലയാളസാഹിത്യവും പാട്ടുപ്രസ്ഥാനവും മണിപ്രവാളസാഹിത്യവും വെണ്മണിക്കവികളും വിലാപസാഹിത്യവും തുടങ്ങി ആധുനിക, ഉത്തരാധുനിക കവിതയെയും, കൃതികളെയും പൂർണ്ണമായും അടയാളപ്പെടുത്തും.

വാമൊഴി,നാടോടികഥകളിൽനിന്നും ആരംഭിച്ച് ആദ്യകാല ചെറുകഥകളും നോവൽ സാഹിത്യവും നാടകസാഹിത്യവും ആത്മകഥകളും ജീവചരിത്രസാഹിത്യവും ഉൾപ്പെടുന്ന മലയാള ഗദ്യസാഹിത്യപാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതാണ് അടുത്ത ഗാലറി.

വൈജ്ഞാനികസാഹിത്യവും വിവർത്തനവും ഉൾപ്പെടുന്നതാണ് മ്യൂസിയത്തിന്‍റെ അവസാന രണ്ട് ഗാലറികൾ. അതിൽ മലയാളവ്യാകരണകൃതികളും വ്യക്തികളും നിഘണ്ടുക്കളും മറ്റ് ഭാഷാശാസ്ത്രഗ്രന്ഥങ്ങളും വിവർത്തനസാഹിത്യചരിത്രവും ഉൾപ്പെടുന്നു.

പ്രദർശന ഗാലറികളോടൊപ്പം ആക്ടിവിറ്റി കോർണറുകൾ, ഡിജിറ്റൈസേഷൻ ലാബ്, ഓഡിയോ വീഡിയോ സ്റ്റുഡിയോ, ചിൽഡ്രൻസ് പാർക്ക്, വിപുലമായ പുരാരേഖപുരാവസ്തു ശേഖരങ്ങൾ, കൺസർവേഷൻ യൂണിറ്റ്, പുസ്തകങ്ങളുടെ പ്രഥമ പതിപ്പുകളുടെ ശേഖരം, ലൈബ്രറി കോംപ്ലക്‌സ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

എപ്പിഗ്രാഫി, മ്യൂസിയോളജി, ആർക്കൈവിംഗ്, കൺസർവേഷൻ, പ്രിന്‍റിംഗ് ടെക്‌നോളജി എന്നീ ഇനങ്ങളിലായി ഹ്രസ്വകാല പഠനപരിശീലന പരിപാടികളും നടപ്പിലാക്കും. ലോക ഭാഷാലിപികൾ, മലയാളകാവ്യപാരമ്പര്യം, മലയാളഗദ്യസാഹിത്യം, വൈജ്ഞാനികസാഹിത്യം, ലൈബ്രറി, സംവേദാത്മകമായ ക്ലാസ്സ് മുറികൾ എന്നിവയും വരുംഘട്ടത്തിൽ ഉൾപ്പെടുന്നു.

തുടര്‍ ഘട്ടങ്ങളുടെ പൂർത്തീകരണത്തോടെ മലയാളഭാഷയെയും സാഹിത്യത്തെയും സമഗ്രമായ അടയാളപ്പെടുന്ന ഇടമായി അക്ഷരം മ്യൂസിയം മാറുമെന്ന് മന്ത്രി പറ‍ഞ്ഞു. ഇതിനോടൊപ്പം 10000 ചതുശ്ര അടി വരുന്ന പഴയ ഇന്ത്യാ പ്രസ്സ് കെട്ടിടം പുനരുദ്ധരിച്ച് ഓഡിറ്റേറിയവും ബിസ്സിനസ്സ് സെന്‍ററുമാക്കി മാറ്റും.

ആദ്യഘട്ടം പൂർത്തിയാക്കി പൊതുജനങ്ങള്‍ക്കായി സമർപ്പിച്ച് ഒരു വർഷം പിന്നിടുമ്പോൾ വിദ്യാർഥികളുംഗവേഷകരും വിദേശികളും ബഹുജനങ്ങളുമുൾപ്പെടെ 7883 പേർ മ്യൂസിയം സന്ദർശിച്ചു.

മ്യൂസിയത്തിന്‍റെ ഭാഗമായുള്ള ലെറ്റർ ടൂറിസം സർക്യൂട്ടിൽ സ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തി കോട്ടയത്തിന്‍റെ ചരിത്രപൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി സാംസ്‌കാരികയാത്ര നടന്നുവരുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതിയുടെ ഭാഗമായുള്ള യാത്രയിൽ സന്ദർശിക്കേണ്ട ഇടമായി അക്ഷരം മ്യൂസിയത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിനകത്തെ വിവിധ കോളേജുകളിലെ വിദ്യാർഥികളും ഗവേഷകരും അക്ഷരം മ്യൂസിയത്തില്‍ ഇന്‍റേണ്‍ഷിപ്പ് പൂര്‍ത്തീകരിച്ചു.

മഹാത്മാഗാന്ധി സർവ്വകലാശാലയുമായി ചേർന്ന് ഇന്‍റേൺഷിപ്പ് കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. വിദേശികൾ അടക്കമുള്ളവർക്ക് മലയാളഭാഷാപഠനത്തിനായി പ്രത്യേക കോഴ്‌സ് വിഭാവനംചെയ്തിട്ടുണ്ട്.

ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ എന്നീ ഭാഷകളുടെ പഠനത്തിനായി അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ചിരിക്കുന്ന പാഠ്യപദ്ധതിയുടെ രീതിയിൽത്തന്നെയാണ് ഈ കോഴ്‌സും വിഭാവനംചെയ്തിരിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ കോഴ്‌സുകൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇതിനുപുറമേ എപ്പിഗ്രാഫി, മ്യൂസിയോളജി, ആർക്കൈവിംഗ്, കൺസർവേഷൻ, പ്രിന്‍റിംഗ് ടെക്‌നോളജി എന്നിവയില്‍ ഹ്രസ്വകാല പഠനപരിശീലനപരിപാടികളും നടപ്പിലാക്കുന്നത് പരിഗണിക്കും. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്‍റ് അഡ്വ. പി. കെ. ഹരികുമാർ,ജോയിന്‍റ് രജിസ്ട്രാര്‍ കെ. പി. ഉണ്ണികൃഷ്ണൻനായർ, സ്പെഷ്യല്‍ ഓഫീസര്‍ രാജീവ് ജോൺ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *