പാലാ സീറ്റില്‍ കാപ്പന്‍ ഉടക്കി നില്‍ക്കെ മന്ത്രി എകെ ശശീന്ദ്രനും ജോസ് കെ മാണിയും കൂടിക്കാഴ്ച നടത്തി; രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ള കൂടിക്കാഴ്ച നടന്നത് കണ്ണൂരില്‍

പാലാ: പാലാ സീറ്റിന്റെ കാര്യത്തില്‍ എന്‍സിപിയും കേരള കോണ്‍ഗ്രസ് എമ്മും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ എന്‍സിപി നേതാവ് മന്ത്രി എകെ ശശീന്ദ്രനും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും കൂടിക്കാഴ്ച നടത്തി.

ഇരുവരും കണ്ണൂരിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന സൂചനയാണ് ഇരുവരും പങ്കുവെച്ചത്.

Advertisements

എന്‍സിപിയും കേരള കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ കൂടിക്കാഴ്ചക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇരുവരും പുറത്തുവിട്ടില്ല. പാല വിട്ടുകൊടുക്കില്ലെന്ന നിലപാട് എകെ ശശീന്ദ്രനെ ജോസ് കെ മാണി അറിയിച്ചതായാണ് സൂചന.

പാലാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കാന്‍ സമ്മതിക്കില്ലെന്ന് മാണി സി കാപ്പന്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പാലായില്‍ മല്‍സരിക്കുമെന്നും കാപ്പന്‍ യുഡിഎഫിലെത്തിയാല്‍ സീറ്റ് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് പിജെ ജോസഫും രംഗത്തെത്തിയിരുന്നു.

കാപ്പന്‍ എല്‍ഡിഎഫ് വിടുമെന്നും യുഡിഎഫ് മുന്നണിയില്‍ ചേരുന്നതിന് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും ശ്രുതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ തീരുമാനത്തിന് എകെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിന് താല്‍പര്യമില്ലെന്നും എകെ ശശീന്ദ്രന്‍ എല്‍ഡിഎഫില്‍ തുടരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്‍സിപിക്കുള്ളിലെ ഈ തര്‍ക്കവും നിലനില്‍ക്കെ എകെ ശശീന്ദ്രന്‍ ജോസ് കെ മാണിയെ കണ്ടത് വലിയ പ്രാധാന്യത്തോടെ തന്നെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ഒരു വശത്ത് പിസി ജോര്‍ജ് എംഎല്‍എയും യുഡിഎഫ് മുന്നണിയില്‍ പാലായില്‍ അങ്കം കുറിയ്ക്കാന്‍ ശ്രമിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു.

You May Also Like

Leave a Reply