Pala News

പാലാ സ്വദേശി അജിത്കുമാർ ഷിപ്പിംഗ് കോർപ്പറേഷൻ അഡീ ഡയറക്ടർ ജനറൽ

മലയാളികള്‍ക്കാകെ അഭിമാനമായി കേന്ദ്ര ഗവണ്‍മെന്റിന്റെ ഷിപ്പിംഗ് കോര്‍പ്പറേഷന്റെ തലപ്പത്ത് പാലാക്കാരനെത്തി. കേന്ദ്ര ഉപരിതല ജലഗതാഗത വകുപ്പിന്റെ അഡീഷണൽ ഡയറക്ടര്‍ ജനറലായി (ടെക്‌നിക്കല്‍) നിയമിതനായ അജിത്ത് കുമാര്‍ സുകുമാരന്‍ പാലാ ഇടപ്പാടി സ്വദേശിയാണ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളികൂടിയാണ് ഇദ്ദേഹം. മുംബൈയിലാണ് അഡീഷണൽ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ (ടെക്‌നിക്കല്‍) ആസ്ഥാനം.

55 കാരനായ ഈ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ദീര്‍ഘകാലം വിവിധ കപ്പലുകളില്‍ ചീഫ് എഞ്ചിനീയറായിരുന്നു. പിന്നീടാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ഷിപ്പിംഗ് കോര്‍പ്പറേഷനില്‍ ജോലിയില്‍ പ്രവേശിച്ചത്.

ഇടപ്പാടി നന്ദനത്ത് കുടുംബാംഗമായ അജിത്കുമാര്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍മാരായ കെ.ആര്‍. സുകുമാരന്‍ – പി.എം. നളിനി ദമ്പതികളുടെ ഇളയ മകനാണ്. സഹോദരി ബീന അനില്‍കുമാര്‍ പതുപ്പള്ളില്‍ റവന്യൂവകുപ്പില്‍ ഡെപ്യൂട്ടി തഹസില്‍ദാരായി വിരമിച്ചു. എസ്.ബി. ഐ. ഉദ്യോഗസ്ഥനായിരുന്ന പി.ജി. അനിൽ കുമാറാണ് സഹോദരീ ഭർത്താവ്.

ഇടുക്കി ആയിരമേക്കര്‍ എല്‍.പി. സ്‌കൂള്‍, പാലാ സെന്റ് വിന്‍സെന്റ്, ഡിപോള്‍ തൊടുപുഴ സ്‌കൂളുകള്‍, ചങ്ങനാശ്ശേരി എസ്.ബി. കോളേജ്, കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അജിത് കുമാര്‍ സുകുമാരന്‍ മറൈന്‍ ഓഫീസര്‍ ട്രെയ്‌നിംഗിന് ശേഷം കപ്പലിലെ ജോലിക്കെത്തുകയായിരുന്നു.

വൈക്കം കുലശേഖരമംഗലം ഹൈസ്‌കൂള്‍ അധ്യാപിക ബിനു അജിത്താണ് ഭാര്യ. മക്കളില്‍ മൂത്തയാളായ അനന്ദ് അജിത്കുമാര്‍ എം.ടെക്കിന് ശേഷം മുംബൈ ഇന്ത്യന്‍ രജിസ്ട്രി ഓഫ് ഷിപ്പിംഗില്‍ അസി. സര്‍വ്വേയറായി ജോലി നോക്കുന്നു. ഇളയ മകൻ അഭിനവ് അജിത്ത്കുമാര്‍ കോഴിക്കോട് എന്‍.ഐ.ടി. വിദ്യാര്‍ത്ഥിയാണ്.

Leave a Reply

Your email address will not be published.