കോട്ടയം: നഗരമധ്യത്തിലൂടെ നടന്നുവന്ന വയോധികയെ ലോട്ടറി അടിച്ചതായി പറഞ്ഞു വിശ്വസിപ്പിച്ച് സൂത്രത്തില്‍ സ്വര്‍ണമാല തട്ടിയെടുത്തു കടന്നുകളഞ്ഞ പ്രതിയുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ആര്‍പ്പൂക്കര സ്വദേശിനിയായ വയോധികയാണ് തട്ടിപ്പിന് ഇരയായത്.
സംഭവം ഇങ്ങനെ. നഗരമധ്യത്തിലൂടെ നടന്നുവന്ന വയോധികയുടെ ഒപ്പമെത്തിയ കള്ളന് വയോധികയ്ക്കു ലോട്ടറി അടിച്ചുവെന്നു പറഞ്ഞു വിശ്വസിപ്പിച്ചു. ഒപ്പം നടന്ന് സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു തട്ടിപ്പ്.
തുടര്‍ന്ന്, ഇവരോട് ലോട്ടറി അടിച്ചുവെന്നും ലോട്ടറി അടിച്ച തുക സെന്‍ട്രല്‍ ബാങ്കിലെ അക്കൗണ്ടിലുണ്ടെന്നും പ്രതി പറഞ്ഞു വിശ്വസിപ്പിച്ചു. പണം കിട്ടുന്നതിനായി സ്വര്‍ണ മാലയിലെ കോഡ് ബാങ്കില്‍ കാട്ടണമെന്നും ഇയാള്‍ പറഞ്ഞതു വിശ്വസിച്ച വയോധിക സ്വര്‍ണമാല ഊരി ഇയാളെ ഏല്‍പ്പിക്കുകയായിരുന്നു.
ഇയാള്‍ പറഞ്ഞതു വിശ്വസിച്ച് ഇവര്‍ പ്രതിയ്ക്കൊപ്പം ബാങ്കിന്റെ രണ്ടാം നിലയിലേയ്ക്കു കയറി. ഇതിനിടെ മാല കയ്യില്‍ വാങ്ങിയ പ്രതി, മാലയുമായി രക്ഷപെടുകയായിരുന്നു. പ്രതിയുടെ ഒപ്പം മാലയുമായി രണ്ടാം നിലയില്‍ നിന്നും താഴേയ്ക്കിറങ്ങാന്‍ ഇവര്‍ക്കു സാധിച്ചില്ല.
തുടര്‍ന്നു, പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയത്. പ്രതിയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി വെസ്റ്റ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ എംജെ അരുണും, എസ്ഐ ടി. ശ്രീജിത്തും അറിയിച്ചു.