പൂഞ്ഞാര്‍: താന്‍ റദ്ദാക്കാന്‍ കത്തു നല്‍കിയത് ഭരണാനുമതി ലഭിക്കാത്ത പദ്ധതികളാണെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. മുന്‍ എംഎല്‍എയുടെ 40 വര്‍ഷത്തെ വികസനം ചില പ്രദേശങ്ങളിലേയ്ക്ക് മാത്രം ഒതുങ്ങുകയായിരുന്നുവെന്നും പല കോണ്‍ട്രാക്ടുകളും സ്വാര്‍ഥ ലാഭത്തിനു വേണ്ടി നല്‍കിയതാണെന്നും കുളത്തുങ്കല്‍ ആരോപിച്ചു.
മുന്‍ എംഎല്‍എ അനുവദിച്ച ചില പദ്ധതികള്‍ റദ്ദാക്കുന്നതിനായി നല്‍കിയ കത്ത് അനാവശ്യ വിവാദങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍.
വിശദീകരണ കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ
എംഎല്‍എ ഫണ്ട് വിനിയോഗം വിവാദങ്ങള്‍ ഉയര്‍ത്തുന്നവരുടെ ശ്രദ്ധയ്ക്ക്…
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ എംഎല്‍എ ഫണ്ട് അനുവദിക്കപ്പെട്ടതും, റദ്ദാക്കിയതുമായും, ഒക്കെ ബന്ധപ്പെട്ട് ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ ഉയരുകയാണല്ലോ.
ഈ സന്ദര്‍ഭത്തില്‍ ചില വസ്തുതകളും യാഥാര്‍ഥ്യങ്ങളും ചൂണ്ടിക്കാട്ടാന്‍ ആഗ്രഹിക്കുന്നു. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ കാലങ്ങളായി എംഎല്‍എ ഫണ്ട് വിനിയോഗവും, വികസന പ്രവര്‍ത്തനങ്ങളുമെല്ലാം ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെയും, സ്ഥാപിത, നിക്ഷിപ്ത താല്പര്യങ്ങളുടെയും വിളനിലമായിരുന്നു.
വികസനപ്രവര്‍ത്തനങ്ങള്‍ ചില പ്രദേശങ്ങളിലേയ്ക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടു. ചില മേഖലകള്‍ ഒഴിവാക്കപ്പെട്ടു. വര്‍ക്കുകളുടെ കോണ്‍ട്രാക്ടുകളും ബന്ധുക്കള്‍ക്കും സ്വന്തകാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും മാത്രമായി മാറി, കൂടാതെ കൂട്ടുകച്ചവടങ്ങളും ബിനാമി ഇടപാടുകളും വേറെ.
മറ്റാരെങ്കിലും ടെണ്ടര്‍ എടുത്താല്‍ ഭീഷണിയും സമ്മര്‍ദ്ദവുമായി ഒഴിവാക്കാനും ശ്രമം. ജനകീയ താല്‍പര്യങ്ങള്‍ക്കപ്പുറം മറ്റു പലതാല്പര്യങ്ങളും സംരക്ഷിക്കപ്പെട്ടു. ഇപ്പോള്‍ വികസനത്തിന്റെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നവര്‍ എന്തേ 2017-18ല്‍ ഫണ്ട് അനുവദിച്ചിട്ടും വാഗമണ്‍ റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ മെനക്കെടാതിരുന്നത്?
2016-17ല്‍ ഫണ്ട് അനുവദിച്ചിട്ടും എന്തേ പൂഞ്ഞാര്‍ ഗവ. എല്‍.പി. സ്‌കൂളിന് കെട്ടിടം പണിയാതിരുന്നത്? ഈ നിയോജകമണ്ഡലത്തില്‍ ഒരു മിനി സിവില്‍ സ്റ്റേഷന്‍ എങ്കിലും ഉണ്ടോ? 4 പതിറ്റാണ്ടായിട്ടും പൂഞ്ഞാര്‍ താലൂക്ക് ഒരു മരീചികയല്ലേ? പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് മുകളില്‍ സൌകര്യങ്ങളുള്ള ഒരു പൊതു ആശുപത്രി എങ്കിലും ഉണ്ടോ?
എംഎല്‍എ ഫണ്ട് ഉപയോഗിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് രേഖാമൂലം നിര്‍ദേശം നല്കിയാല്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഭരണാനുമതി നേടിയെടുക്കാന്‍ കഴിയും എന്നിരിക്കെ മാസങ്ങളും, വര്‍ഷങ്ങളും കഴിഞ്ഞാലും ഭരണാനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് കബളിപ്പിക്കുകയായിരുന്നു.
പലപ്പോഴും ലഭ്യമായ തുകകളിലും അധികം ഫണ്ടുകള്‍ എഴുതി നല്‍കി. പ്രായോഗികമായും നിയമപരമായും നടപ്പാക്കാന്‍ കഴിയാത്ത പദ്ധതികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ആര്‍ക്കും പ്രയോജനമില്ലാതെ, ഒന്നര കോടിയിലധികം രൂപ എംഎല്‍എ ഫണ്ട് ചിലവഴിച്ച് പണിത ഈരാറ്റുപേട്ടയിലെ അല്‍മനാര്‍ ബൈപ്പാസ് രണ്ട് അറ്റം കൂട്ടിമുട്ടിക്കാതെ പൊതുമുതല്‍ ധൂര്‍ത്തടിക്കുകയും, ആ ബൈപ്പാസില്‍ 40 അടി വീതിയുള്ള മാതാക്കല്‍ തോടിന് 10 അടി വീതിയില്‍ മാത്രം കലുങ്ക് പണിത് മുരിക്കോലി ഭാഗത്ത് നിരന്തരം പ്രളയം സൃഷ്ടിച്ച് ഇപ്പോഴും ജനങ്ങളെ ദുരിതത്തിലാക്കുന്നതും, അതേപോലെ ശബരിമല തീര്‍ത്ഥാടകാരുടെ പേര് പറഞ്ഞ്, പാലാരിവട്ടം പാലത്തേയും വെല്ലുന്ന അഴിമതി നടന്ന, ഒരിക്കലും വണ്ടി പോകാത്ത, ഇപ്പോള്‍ അപ്രത്യക്ഷമായ 7 കോടി രൂപയുടെ എരുത്വാപുഴ – കണമല സമാന്തര പാതയും ഒക്കെയായിരുന്നു മുന്പ് ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍. ഇങ്ങനെയുള്ള ഉദാഹരണങ്ങള്‍ ഇനിയും നിരവധിയാണ്.
ഞാന്‍ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം എംഎല്‍എ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചപ്പോള്‍, ഏതാണ്ട് നിരവധി വര്‍ക്കുകള്‍ ഭരണാനുമതി ലഭിക്കാത്തവയായി കാണപ്പെട്ടു. ഇതില്‍ പലതും പലകാരണങ്ങളാല്‍ ഭരണാനുമതി ലഭിക്കുന്നതിന് തടസം ഉള്ളവയുമായിരുന്നു.
ഈ സാഹചര്യത്തിലാണ് ഭരണാനുമതി ലഭിക്കാത്ത പദ്ധതികള്‍ റദ്ദാക്കുന്നതിന് നിശ്ചയിച്ചത്. അതിന്റെ അര്‍ത്ഥം ആ വികസന പദ്ധതികള്‍ അപ്പാടെ ഉപേക്ഷിച്ചു എന്നല്ല. അതില്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ള പദ്ധതികളും, നിയമപരമായും പ്രായോഗികമായും ഭരണാനുമതി ലഭിക്കുമെന്നുള്ള പദ്ധതികളും തുടരുന്നതിന് വീണ്ടും നിര്‍ദേശം നല്‍കി വരുകയാണ്.
ഏത് പ്രകാരമായാലും ഭരണാനുമതി ലഭ്യമാകാത്ത പദ്ധതികള്‍ക്ക് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട എംഎല്‍എ കത്ത് നല്കിയാല്‍ മാത്രമേ തുടര്‍നടപടികള്‍ സാധ്യമാകുകയുള്ളൂ എന്നതാണ് നടപടിക്രമം.
അതുകൊണ്ട് തന്നെ ആശയക്കുഴപ്പം ദൂരീകരിക്കുന്നതിന് വേണ്ടി കൂടിയാണ് ഭരണാനുമതി ഇല്ലാത്ത പദ്ധതികള്‍ റദ്ദാക്കിയത്.
വികസന പ്രവര്‍ത്തനങ്ങള്‍ സംശുദ്ധമാക്കുന്നതിനും, സുതാര്യമാക്കുന്നതിനും ജനകീയമാക്കുന്നതിനും, കൂടാതെ, എല്ലാ പ്രദേശത്തെയും, എല്ലാ വിഭാഗം ജനങ്ങളെയും ഒന്നുപോലെ കാണുന്നതിനുള്ള കാഴ്ചപ്പാടിന്റെയും ഫലമായി കൂടിയാണ് ഭരണാനുമതി ലഭ്യമാകാതിരുന്ന പ്രവൃത്തികള്‍ റദ്ദാക്കപ്പെടേണ്ടി വന്നത് എന്നറിയിക്കട്ടെ.
ഭരണാനുമതി ലഭ്യമായിട്ടുള്ള 4 പദ്ധതികള്‍ മാത്രമാണ് റദ്ദാക്കിയിട്ടുള്ളത്. അവയ്ക്ക് പൊതുമരാമത്ത് വകുപ്പ്, ആരോഗ്യവകുപ്പ്, ശുചിത്വമിഷന്‍ എന്നീ വകുപ്പുകള്‍ മുഖേന ഫണ്ട് ലഭ്യത ഉറപ്പുവരുത്തിയാണ് റദ്ദാക്കിയിട്ടുള്ളത്.
ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ മറ്റ് മാര്‍ഗങ്ങളില്‍ ഫണ്ട് ലഭിക്കുന്നതിന് സാധിക്കുന്ന പദ്ധതികള്‍ക്ക് എംഎല്‍എ ഫണ്ട് വിനിയോഗിക്കാതെ, പ്രളയം കൂടി വന്ന സാഹചര്യത്തില്‍ ഗ്രാമീണ റോഡുകളും പാലങ്ങളും വളരെയധികം പുനരുദ്ധരിക്കേണ്ട ആവശ്യം മുന്നിലുള്ളതിനാല്‍ അക്കാര്യങ്ങളിലേയ്ക്കാണ് അത്തരം ഫണ്ടുകള്‍ വകമാറ്റിയിട്ടുള്ളത്.
ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യം കൂടി ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നത് എംഎല്‍എ ഫണ്ടുമായി ബന്ധപ്പെട്ട് ആസ്തി വികസന ഫണ്ടില്‍ 2017-18 കാലഘട്ടത്തില്‍ 38.11ലക്ഷം രൂപയും, 2018-19ല്‍ ഒരു കോടി 24 ലക്ഷം രൂപയും 2019-20ല്‍ ഒരു കോടി 95 ലക്ഷം രൂപയും കൂടാതെ സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് ഫണ്ട് 2019-20ല്‍ 29.59 ലക്ഷം രൂപയും ചിലവഴിക്കപ്പെട്ടില്ല എന്നും ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു. ഇതിനൊക്കെ ആ കാലഘട്ടത്തില്‍ ചുമതല വഹിച്ചവര്‍ മറുപടി പറയേണ്ടതല്ലേ ?
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ എംഎല്‍എ ഫണ്ട് വിനിയോഗമായാലും, വിവിധ സര്‍ക്കാര്‍ ഡിപാര്‍ട്ട്‌മെന്റുകള്‍ വഴിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ആയാലും തികച്ചും സുതാര്യമായും അഴിമതി രഹിതമായും പക്ഷപാതങ്ങളില്ലാതെയും ഈ നിയോജകമണ്ഡലത്തിന്റെ സമഗ്രവും സംപൂര്‍ണവുമായ വികസനം മുന്നില്‍ കണ്ടുകൊണ്ട് എല്ലാ പ്രദേശങ്ങളെയും എല്ലാ ജനവിഭാഗങ്ങളെയും ഒന്നുപോലെ കണ്ടുകൊണ്ട് സംശുദ്ധിയോടെ നടത്തുമെന്ന് ഈ അവസരത്തില്‍ ഉറപ്പുനല്‍കുകയാണ്.
റദ്ദാക്കപ്പെട്ടവയില്‍ ആവശ്യമുള്ളവ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയുമാണ്.
എന്ന്
വിശ്വസ്തതയോടെ
അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
എം.എല്‍.എ. പൂഞ്ഞാര്‍
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19