പൂഞ്ഞാര്‍: പൂഞ്ഞാര്‍ നിയോജകമണ്ഡലം പരിധിയിലെ തീക്കോയി പഞ്ചായത്തിലെ മാര്‍മല അരുവി, പാറത്തോട് പഞ്ചായത്തിലെ വേങ്ങത്താനം അരുവി എന്നിവിടങ്ങളിലും മറ്റ് ടൂറിസം കേന്ദ്രങ്ങളിലും അപകട സാധ്യത ഒഴിവാക്കാന്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ മാര്‍മല അരുവി, വേങ്ങത്താനം അരുവി എന്നിവിടങ്ങളില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ച സംഭവത്തെ തുടര്‍ന്ന് എം എല്‍ എ ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം സ്ഥലം സന്ദര്‍ശിക്കുകയും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുകയും ചെയ്തു.
മതിയായ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകളും സുരക്ഷാ വേലികളും ഇല്ലാത്ത സാഹചര്യത്തില്‍ ഉടന്‍ അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
നിയോജക മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ആകര്‍ഷകമാക്കി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും അപകട രഹിതമാക്കുന്നതിനുള്ള വിശദമായ പ്രൊജക്ട് റിപ്പോര്ട്ട് ടൂറിസം വകുപ്പിന് നല്‍കുന്നതിന് കോട്ടയം ജില്ലാ ഡി.ടി.പി.സി. സെക്രട്ടറിയെ ചുമതലപ്പെടുത്തി.
അരുവികളിലേയ്ക്കുള്ള ഗതാഗത സൗകര്യവും സുരക്ഷാ സംവിധാനവും വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കും.
കേരളത്തിലെ ഏറ്റവും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ വാഗമണ്ണും കൂടാതെ മാര്‍മല അരുവി, അരുവിക്കച്ചാല്‍ വെള്ളച്ചാട്ടം, മുതുകോര മല, വേങ്ങത്താനം അരുവി, കോലാഹലമേട്, തങ്ങള്‍പാറ, ചക്കിപ്പാറ, അടിവാരം – കൊട്ടത്താവളം വെള്ളച്ചാട്ടം, കല്ലുവെട്ടാംകുഴി, പെരിങ്ങളം – ചട്ടമ്പി പെരുവഞ്ചിറ, ചോലതടം – മുത്തനള്ള്, കൈപ്പള്ളി – കളത്വ തുടങ്ങി പ്രകൃതി രമണീയമായ നിരവധി ഇടങ്ങളില്‍ ടൂറിസം വികസനത്തിന് വലിയ സാധ്യതകളാണുള്ളത്.
എരുമേലിയില്‍ പില്‍ഗ്രിം ടൂറിസത്തിനും സാധ്യതയേറെയാണ്. മണിമല, പമ്പ, അഴുത നദികള്‍ ഒരുക്കുന്ന പ്രകൃതിഭംഗിയും നിരവധി തോടുകളുടെയും അരുവികളുടെയും സാന്നിധ്യവും പ്രയോജനപ്പെടുത്തും.
കണമല, മുണ്ടക്കയം, കോരുത്തോട്, പമ്പാവാലി തുടങ്ങിയ പ്രദേശങ്ങളില്‍ മിനി ടൂറിസത്തിനും അവസരമുണ്ടാക്കും. വില്ലേജ് ടൂറിസം, ഹോം സ്റ്റേ തുടങ്ങി തൊഴിലും വരുമാവും വര്‍ധിപ്പിക്കാനുള്ള പദ്ധതികളും വിഭാവനം ചെയ്യുമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19