കോട്ടയം: സ്‌കൂള്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി അഭിപ്രായപ്പെട്ടു. പാലാ സെന്റ് തോമസ് കോളജില്‍ വച്ച് സഹപാഠി കുത്തിക്കൊലപ്പൊടുത്തിയ നിതിനാ മോളുടെ വീട് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അവര്‍.
ലൈംഗിക വിദ്യാഭ്യാസം എന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും നെറ്റി ചുളിയും എന്ന അവസ്ഥയാണ് കാലങ്ങളായി ഉണ്ടാകാറുള്ളത്. ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കിയാല്‍ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.
ലിംഗനീതിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കാനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നെ അത്തരം പ്രൊജക്ടുകള്‍ കൊണ്ടുവരണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തും. സംസ്ഥാനത്തെ കുറ്റകൃത്യ നിരക്ക് കുറയ്ക്കാന്‍ പ്രത്യേക ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു.
വിദ്യാസമ്പന്നരായ ചെറുപ്പക്കാരില്‍ ഇത്തരത്തിലുള്ള ഹീനമായ ക്രൂരകൃത്യം ചെയ്യാനുള്ള മാനസികാവസ്ഥ രൂപപ്പെടുന്നതെങ്ങനെയെന്ന് ഗൗരവമേറിയ പഠനം വേണം.
10- 12 വയസുള്ള കുട്ടികള്‍ പോലും പ്രണയത്തിലകപ്പെടുകയാണ്. സമൂഹമാധ്യമങ്ങളിലടക്കം ഇടപെടുന്ന കൗമാരക്കാരില്‍ പല അബദ്ധധാരണകളുമുണ്ട് എന്നും അഡ്വക്കേറ്റ് സതീദേവി കൂട്ടിച്ചേര്‍ത്തു.
രണ്ട് ദിവസങ്ങള്‍ക്കു മുന്‍പാണ് പാല സെന്റ് തോമസ് കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി നിതിന മോള്‍ സഹപാഠിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നിതിനയെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഭിഷേക് കഴുത്തറുക്കുകയായിരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19