
പാലാ: ഇന്ത്യൻ ദേശീയപതാക അതിൻ്റെ വജ്രജൂബിലി ആഘോഷിക്കുമ്പോൾ ദേശീയപതാകയുടെ മഹത്വം ഉയർത്താനും ദേശീയപതാകയുടെ ദുരുപയോഗം തടയാനുമായി കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെക്കാലമായി സമാനതകളില്ലാത്ത പോരാട്ടത്തിന് നേതൃത്വം നൽകുകയാണ് പാലാ സ്വദേശി എബി ജെ ജോസ്. ദേശീയപതാകയോ ദേശീയഗാനമോ ദുരുപയോഗം ചെയ്യപ്പെടുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ എബി രംഗത്തിറങ്ങും. രാഷ്ട്രപിതാവായ ഗാന്ധിജിയെ അവഹേളിച്ചാലും പ്രതിഷേധവുമായി എബിയുണ്ടാവും.
1996 ൽ അന്നത്തെ സംസ്ഥാന മന്ത്രിയായിരുന്ന എ സി ഷൺമുഖദാസിനൊപ്പം യാത്ര ചെയ്യവെയാണ് ദേശീയപതാകയെക്കുറിച്ചു മനസിലാക്കിയത്. യാത്രക്കിടെ വൈകുന്നേരമായപ്പോൾ മന്ത്രിയുടെ വാഹനം നിർത്തി ഡ്രൈവർ വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ദേശീയപതാക അഴിച്ചെടുത്ത് മാറ്റുന്നത് എബി ശ്രദ്ധിച്ചു. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് മന്ത്രിയോടു ആരാഞ്ഞു.
അദ്ദേഹമാണ് ദേശീയപതാകയുടെ ഉപയോഗക്രമങ്ങളെക്കുറിച്ചുള്ള ഫ്ലാഗ് കോഡിനെക്കുറിച്ചു പറഞ്ഞു നൽകിയത്. തുടർന്നു ഫ്ലാഗ് കോഡ് മനസിലാക്കിയതോടെ അറിഞ്ഞും അറിയാതെയും നടക്കുന്ന നിരവധി ദുരുപയോഗങ്ങളും തെറ്റായ ഉപയോഗങ്ങളും എബിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതു ചൂണ്ടിക്കാണിച്ചുവെങ്കിലും പലരും തെറ്റുതിരുത്താൻ തയ്യാറായില്ല. തുടർന്നു ദുരുപയോഗങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെ ഉൾപ്പെടുത്തി 1999ൽ കേരള ഹൈക്കോടതിക്കു പരാതി അയച്ചു.
അന്ന് ചീഫ് ജസ്റ്റീസ് ആയിരുന്ന ഏ ആർ ലക്ഷ്മണൻ കത്ത് റിട്ട് ഹർജിയായി പരിഗണിച്ചു. തുടർന്ന് ജസ്റ്റീസ് കെ എസ് രാധാകൃഷ്ണൻ്റെ ബഞ്ചിനു കൈമാറി. കേരള ഹൈക്കോടതിയിൽ കേസ് വന്നപ്പോൾ എബി ജെ ജോസ് നേരിട്ടു ഹാജരായി ചരിത്രം സൃഷ്ടിച്ചു. അന്ന് കൂടുതൽ തെളിവുകൾ കോടതിക്കു കൈമാറി. തുടർന്നു ദേശീയപതാകയെക്കുറിച്ചു ബോധവൽക്കരണം നടത്താൻ ഹൈക്കോടതി സർക്കാരുകൾക്കു നിർദ്ദേശം നൽകി. നേരിട്ടു ഹാജരായി വിഷയം ശ്രദ്ധയിൽ കൊണ്ടുവന്ന എബിയുടെ ദേശീയബോധത്തെ ഹൈക്കോടതി വിധിന്യായത്തിൽ പ്രശംസിക്കുകയും ചെയ്തിരുന്നു.
തുടർന്നാണ് പതിറ്റാണ്ടുകളായി തുടരുന്ന ദേശീയപതാക ബോധവൽക്കരണ യജ്ഞം മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ എബി തുടക്കം കുറിച്ചത്. പ്രചാരണത്തിൻ്റെ ഭാഗമായി ആയിരക്കണക്കിനു ആളുകളെയാണ് ദുരുപയോഗം ചൂണ്ടിക്കാട്ടി തിരുത്തിച്ചത്.
ഇതിൽ കായിക താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ, കോർപ്പറേറ്റുകൾ തുടങ്ങിയ ഒട്ടേറെപ്പേർ ഉൾപ്പെടുന്നു. ദേശീയപതാക, ദേശീയഗാനം എന്നിവയുടെ ശരിയായ ഉപയോഗക്രമങ്ങളെക്കുറിച്ചു ബോധവൽക്കരണത്തിൻ്റെ ഭാഗമായി ലഘുലേഖകളും മറ്റും പ്രസിദ്ധീകരിച്ചു വർഷങ്ങളായി സൗജന്യമായി വിതരണം ചെയ്തു വരുന്നുണ്ട്. പതിനായിരക്കണക്കിനാളുകൾക്കാണ് ലഘുലേഖകൾ നേരിട്ടും ഇ മെയിൽ വഴിയും എത്തിച്ചു നൽകിയത്.
ദേശീയപതാക ദുരുപയോഗം ഫ്ലാഗ് കോഡ്, 1971ലെ നാഷണൽ ഹോണർ ആക്ട് എന്നിവ പ്രകാരം മൂന്നു വർഷം തടവ്, പിഴ എന്നിവയോ ഇവ രണ്ടും കൂടെയോ ലഭിക്കാവുന്ന കുറ്റമായിട്ടാണ് കണക്കാക്കപ്പെടുന്നത്.എന്നാൽ ആളുകളെ കേസിൽ കുടുക്കി ശിക്ഷിക്കാനല്ല തൻ്റെ പ്രവർത്തനമെന്നും ദേശീയപതാകയും ദേശീയഗാനവും ആദരവോടെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും എബി ജെ ജോസ് വ്യക്തമാക്കി. തെറ്റ് ചൂണ്ടിക്കാട്ടുമ്പോൾ 99 ശതമാനം ആളുകളും ഉൾക്കൊള്ളാറുണ്ടെന്നു എബി ചൂണ്ടിക്കാട്ടി.
രാജ്യത്തെ എല്ലാ വീടുകളിലും ആഗസ്റ്റ് 13 മുതൽ 15 വരെ ദേശീയപതാക ഉയർത്തണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിലൂടെ കൂടുതൽ ആളുകൾക്കു ദേശീയപതാകയെ മനസിലാക്കാൻ സാധിക്കും.
ദേശീയഗാനവും ദേശീയപതാകയും ഓരോ ഇന്ത്യാക്കാരൻ്റെതുമാണ്. മഹത്തായ സ്വാതന്ത്ര്യ സമര പോരാട്ടത്തിൻ്റെ ഓർമ്മകളും ദേശാഭിമാനവും ദേശീയ ബോധവുമാണ് ഇവ ഉയരുമ്പോൾ ഉണ്ടാവേണ്ടത്. ഇതു പോലെ തന്നെ ദേശീയപതാക സമരങ്ങൾക്കു ഉപയോഗിക്കുന്നത് അനുചിതമാണ്. ഇക്കാര്യം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പാലാ കൊച്ചിടപ്പാടി സ്വദേശിയായ എബി ജെ ജോസ് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ, കെ ആർ നാരായണൻ ഫൗണ്ടേഷൻ എന്നിവയുടെ ചെയർമാനാണ്.
ഇസ്രായേൽ, ചെക്ക് റിപ്പബ്ളിക് എന്നീ രാജ്യങ്ങളിലെ മദ്യകുപ്പികളിൽ ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്തതിനെതിരെ എബി ജെ ജോസ് നടത്തിയ പോരാട്ടം ആം ആദ്മി പാർട്ടി എം പി സഞ്ജയ്സിംഗ് പാർലെമെൻറിൽ ഉന്നയിക്കുകയും തുടർന്നു രാജ്യം പ്രതിഷേധിക്കുകയും തുടർന്നു ഇരു രാജ്യങ്ങളും ഖേദം പ്രകടിപ്പിച്ചു ചിത്രങ്ങൾ നിന്നും പിൻ വലിക്കുകയും ചെയ്തിരുന്നു.