Pala News

പാലായിലെ ഗാന്ധി സ്മാരകം എബി ജെ ജോസിൻ്റെ നിശ്ചയദാർഢ്യം

പാലായിലെ ഗാന്ധി സ്മാരകം എബി ജെ ജോസിൻ്റെ നിശ്ചയദാർഢ്യം

പാലാ: പാലായിൽ ഗാന്ധി സ്മാരകം യാഥാർത്ഥ്യമാകുമ്പോൾ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിനു ചാരിതാർത്ഥ്യം. 2019 ൽ ആണ് പാലായിൽ ഗാന്ധിജിക്ക് സ്മാരകം നിർമ്മിക്കാൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ തീരുമാനമെടുത്തത്. തുടർന്നു ഇതിനായി എബി സ്വയം മുന്നിട്ടിറങ്ങി.

അനുയോജ്യമായ സ്ഥലം മൂന്നാനിയിൽ കണ്ടെത്തി നഗരസഭ കൗൺസിലിനു അപേക്ഷ നൽകി. നഗരസഭ സ്ഥലം അനുവദിച്ചതോടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തി. കോവിഡ് 19 പ്രതിസന്ധി ഉടലെടുത്തതോടെ പ്രവർത്തനങ്ങൾ മന്ദീഭവിച്ചു. പിന്നീട് കോവിഡ് 19 പ്രതിസന്ധി ശമിച്ചപ്പോൾ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു. തുടർന്നു നടത്തിയ നിരന്തര പരിശ്രമമാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്.

ഗാന്ധിജിയോടുള്ള ആദരവിൻ്റെ ഭാഗമായി കൊച്ചിടപ്പാടിയിലെ എബിയുടെ വീടിൻ്റെ മുന്നിൽ ഗാന്ധിജിയുടെ അർദ്ധകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. 2019 ൽ ഇസ്രായേൽ, ചെക്ക് റിപ്പബ്ളിക് എന്നീ രാജ്യങ്ങളിലെ മദ്യക്കുപ്പികളിൽ ഗാന്ധിജിയുടെ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ എബി ജെ ജോസ് നടത്തിയ ഒറ്റയാൾ പോരാട്ടം അന്തർദ്ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെടുകയും ഇരു രാജ്യങ്ങളും ഖേദം പ്രകടിപ്പിച്ചു ചിത്രങ്ങൾ മദ്യ കുപ്പികളിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.

സ്വാതന്ത്ര്യ സമര നേതാക്കൾ, ദേശീയപതാക, ദേശീയഗാനം എന്നിവയെ അനാദരിക്കുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടാൽ പ്രതിക്ഷേധവുമായി എബിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മുന്നിട്ടിറങ്ങാറുണ്ട്.

നിരവധി സ്വാതന്ത്ര്യ സമര നേതാക്കളുണ്ടായിരുന്ന പാലായിൽ ഗാന്ധിജിക്ക് സ്മാരകം ഇല്ലാത്തതിനാലാണ് ഗാന്ധിസ്ക്വയറും പ്രതിമയും നിർമ്മിക്കണമെന്ന തീരുമാനത്തിനു പിന്നിലെന്ന് എബി ജെ ജോസ് പറഞ്ഞു. ഗാന്ധിജിയുടെ 150 മത് ജന്മവാർഷികം, ഗാന്ധിജിയുടെ കേരള സന്ദർശനത്തിൻ്റെ നൂറാമത് വാർഷികം, ഭാരതസ്വാതന്ത്ര്യത്തിൻ്റെ 75 മത് വാർഷികം എന്നിവയ്ക്കുള്ള ആദരവു കൂടിയാണ് പാലായിലെ ഗാന്ധിസ്ക്വയറും പ്രതിമയും.ഇതിനാവശ്യമായ സ്ഥലം അനുവദിച്ചു പൂർണ്ണ പിന്തുണ നൽകിയത് പാലാ നഗരസഭയിലെ മുൻ കൗൺസിലും ഇപ്പോഴത്തെ കൗൺസിലുമാണ്. പ്രതിമയുടെ നിർമ്മാണത്തിനു പുറമേ പരിപാലന ചുമതലയും നിർവ്വഹിക്കുന്നത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനാണ്. സാംജി പഴേപറമ്പിൽ, സാബു എബ്രാഹം, ടോണി തോട്ടം, അനൂപ് ചെറിയാൻ തുടങ്ങിയവും പ്രതിമാ നിർമ്മാണവുമായി ബന്ധപ്പെട്ട് സജീവമായി എബിക്കൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.