Erattupetta News

വേങ്ങത്താനം അരുവി ടൂറിസം വികസനത്തിന്‌ 28.40 ലക്ഷം രൂപ അനുവദിച്ചു : അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

ഈരാറ്റുപേട്ട : പാറത്തോട്, പൂഞ്ഞാർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മാളിക – വേങ്ങത്താനം ഭാഗത്ത് സ്ഥിതി ചെയ്യുന്ന, പ്രകൃതിരമണീയമായ വേങ്ങത്താനം അരുവിയുടെ ടൂറിസം വികസനത്തിന് 28.40 ലക്ഷം രൂപ സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും അനുവദിച്ചതായി പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

ഈരാറ്റുപേട്ടയിൽ നിന്ന് ചേന്നാട്-മാളിക വഴിയും പാറത്തോട്ടിൽ നിന്ന് പാലപ്ര-മാളിക വഴിയും വേങ്ങത്താനം അരുവിയിൽ എത്തിച്ചേരാൻ സാധിക്കും.

നിരവധി ടൂറിസ്റ്റുകൾ പ്രസ്തുത അരുവിയിലെ മനോഹരമായ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനും അരുവിയിൽ കുളിക്കുന്നതിനും ഒക്കെ ആയി വിദൂര സ്ഥലങ്ങളിൽ നിന്നുപോലും എത്തുന്നുണ്ട്. എന്നാൽ സുരക്ഷാക്രമീകരണങ്ങളോ, സുരക്ഷിതമായി വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനുള്ള സൗകര്യങ്ങളോ ഇല്ലാത്ത പ്രസ്തുത പ്രദേശത്ത് കഴിഞ്ഞകാലങ്ങളിൽ അപകടങ്ങളും, അപകടമരണങ്ങളും നടന്നിരുന്നു. ഇതേതുടർന്ന് പഞ്ചായത്ത് അധികൃതരുടെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യപ്രകാരം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ സംസ്ഥാന ടൂറിസം വകുപ്പ് മുഖേന പദ്ധതി ആവിഷ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.

സുരക്ഷാക്രമീകരണങ്ങളോടുകൂടി പ്രകൃതിരമണീയമായ വേങ്ങത്താനം അരുവി വെള്ളച്ചാട്ടം സന്ദർശകർക്ക് ആസ്വദിക്കുന്നതിനും, സൗകര്യപ്രദമായി പ്രദേശത്തേയ്ക്ക് എത്തി ചേരുന്നതിനുമാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

അരുവിയിലെ വെള്ളച്ചാട്ടം സുരക്ഷിതമായി വീക്ഷിക്കുന്നതിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോട് കൂടിയ വ്യൂ പോയിന്റുകൾ, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപെടുത്തിയ ബോർഡുകൾ, സുരക്ഷാ ബാരിക്കേഡുകൾ എന്നിവയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് എം എൽ എ അറിയിച്ചു. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ പദ്ധതി നടപ്പിലാക്കുന്നതിന് ശ്രമിക്കുമെന്നതാണെന്നും എം എൽ എ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.