കരളുറപ്പിന്റെ കേരളം! അഭിമാന നേട്ടം: 105 വയസുകാരിക്ക് കോവിഡ് രോഗമുക്തി

കൊല്ലം: കോവിഡ് ചികിത്സാ രംഗത്ത് സംസ്ഥാനത്തിന് അഭിമാന നേട്ടം. 105 വയസുകാരി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചല്‍ സ്വദേശിനിയായ അസ്മ ബീവിയാണ് കോവിഡില്‍ നിന്നും മുക്തയായി ആശുപത്രി വിട്ടത്.

രോഗം ഭേദമാകുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയാണ് അസ്മ ബീവി. നേരത്തെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടിയ 93, 88 വയസുള്ള ദമ്പതികള്‍ സൗഖ്യം നേടിയിരുന്നു.

സമ്പര്‍ക്കത്തിലൂടെ മകളില്‍ നിന്നു രോഗം സ്ഥിരീകരിച്ച അസ്മാ ബീവിയെ ഏപ്രില്‍ 20നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് പനിയും ചുമയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. ഇതോടൊപ്പം പ്രായാധിക്യത്തിന്റെ അവശതകളും ഉണ്ടായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയായിരുന്നു.

എന്നാല്‍ കൃത്യതയോടെയുള്ള പരിചരണവും രോഗിയുടെ മനോബലവും കൊണ്ടാണ് രോഗസൗഖ്യം നേടാനായത്. ഈ പ്രായത്തിലും ഇവര്‍ പ്രകടിപ്പിച്ചത് അസാമാന്യ മനോബലമാണെന്ന് ചികില്‍സ നല്‍കിയ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു.

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: