പൂഞ്ഞാര്‍: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വൈദ്യുതി വിതരണ രംഗത്ത് അവന്‍ മുന്നേറ്റം സാധ്യമാകുന്ന വിധത്തില്‍ 100 കോടി രൂപയുടെ നവീകരണ വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചതായി പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വൈദ്യുതി മേഖലയിലെ സംയുക്ത നവീകരണ പദ്ധതിയായ ആര്‍ ഡി എസ് എസ്( റീവാമ്പഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീം ) പ്രോജക്ട് പ്രകാരമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.


ഈ പദ്ധതിയുടെ ചിലവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി വഹിക്കും. ഇതിന്റെ ഭാഗമായി പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ വിവിധ പ്രദേശങ്ങളിലായി 15 സ്ഥലങ്ങളില്‍ പുതുതായി ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കും.
കൂടാതെ കാലപ്പഴക്കം മൂലം പ്രവര്‍ത്തനക്ഷമത കുറഞ്ഞ 5 ട്രാന്‍സ്‌ഫോമറുകള്‍ മാറ്റി പുതിയവ സ്ഥാപിക്കും. നിയോജകമണ്ഡലത്തില്‍ പുതുതായി 58 കിലോമീറ്റര്‍ 11 കെ വി ലൈന്‍ വലിക്കും. ഇതില്‍ 40 കിലോമീറ്റര്‍ കവേര്‍ഡ് കണ്ടക്ടര്‍ സംരക്ഷണത്തോട് കൂടിയ ലൈന്‍ ആണ് വലിക്കുക.
കൂടാതെ നിലവിലുള്ള 125 കിലോമീറ്റര്‍ 11 കെ വി ലൈന്‍ കവേര്‍ഡ് കണ്ടക്ടറോട് കൂടിയ ലൈന്‍ ആക്കി മാറ്റും. നിയോജക മണ്ഡല പ്രദേശത്ത് 5 കിലോമീറ്റര്‍ ദൂരത്തില്‍ പുതുതായി എബിസി എല്‍ടി ലൈനും വലിക്കും.
കൂടാതെ 595 കിലോമീറ്റര്‍ ദൂരത്തില്‍ കാലപ്പഴക്കമുള്ള എല്‍ടി ലൈനുകള്‍ മാറ്റി പുതിയവ സ്ഥാപിക്കും.16 കിലോമീറ്റര്‍ ദൂരത്തില്‍ നിലവിലുള്ള എല്‍ ടി ലൈനുകള്‍ സിംഗിള്‍ ഫേസില്‍ നിന്നും ത്രീ ഫേസ് രീതിയിലേക്ക് മാറ്റും.
കൂടാതെ വൈദ്യുതി തകരാറുകള്‍ സംഭവിക്കുന്ന ഘട്ടത്തില്‍ വൈദ്യുതി തടസ്സ സമയം പരമാവധി കുറയ്ക്കുന്നതിനും, വൈദ്യുതി തടസ്സം ഏറ്റവും ചുരുങ്ങിയ പ്രദേശത്തായി പരിമിതപ്പെടുത്തുന്നതിനും സഹായിക്കുന്ന ലോഡ് ബ്രേക്ക് സംവിധാനവും നടപ്പിലാക്കും. ഇതില്‍ പല പദ്ധതികളും നടപ്പിലാക്കുന്നതിന് മുന്നോടിയായി ഇതിനോടകം ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
വൈദ്യുതരംഗത്തെ ഇപ്രകാരമുള്ള നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതോടുകൂടി പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വൈദ്യുത വിതരണ രംഗത്തെ പ്രസരണ നഷ്ടം കുറയുകയും കാര്യക്ഷമതവര്‍ദ്ധിക്കുകയും ചെയ്യും.
കൂടാതെ വൈദ്യുതി മൂലം ഉണ്ടാകുന്ന അപകടങ്ങളും പരമാവധി കുറയ്ക്കുന്നതിന് കഴിയും. വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സവും ഉള്‍പ്പെടെയുള്ള ഇതര പ്രശ്‌നങ്ങളും പരമാവധി ലഘൂകരിക്കുന്നതിന് കഴിയുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
ജീവനക്കാര്‍ക്കുള്ള സാങ്കേതിക പരിശീലനം, ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കല്‍, ആദിവാസി കോളനികളുടെ വൈദ്യുതീകരണം തുടങ്ങിയവയും ഈ പദ്ധതിയിലൂടെ നടപ്പിലാക്കും.
എരുമേലി ഗ്രാമപഞ്ചായത്തിലെ കണമലയില്‍ പുതിയ സബ്‌സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.
തിടനാട് ഗ്രാമപഞ്ചായത്തിലെ പിണ്ണാക്കനാട് 33 കെ വി സബ്‌സ്റ്റേഷന്‍, തീക്കോയി ഗ്രാമപഞ്ചായത്തിലെ മാര്‍മല ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് എന്നിവയും സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ഇതിന് ആവശ്യമായ തുകകള്‍ സംസ്ഥാന വൈദ്യുതി വകുപ്പ് ഈ പദ്ധതിപ്രകാരമല്ലാതെ പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്.